ചീമയുടെ റെഡ് കാർഡ്,ലക്രയുടെ യെല്ലോ കാർഡ്,കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയും മുംബൈ സിറ്റി എഫ്സിയും സമനിലയാണ് വഴങ്ങിയിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ഹവിയർ സിവേരിയോ ജംഷഡ്പൂരിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ 74 ആം മിനിറ്റിൽ ചാങ്തെ മുംബൈ സിറ്റിയെ ഒപ്പമെത്തിച്ചു.പിന്നീട് ഈ സ്കോറിൽ തന്നെ മത്സരം അവസാനിക്കുകയായിരുന്നു.
ഈ മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ജംഷഡ്പൂർ താരമായ പ്രോവറ്റ് ലക്രക്ക് യെല്ലോ കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.ഇത് ജംഷഡ്പൂരിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. എന്തെന്നാൽ അദ്ദേഹം ഈ സീസണൽ നാല് യെല്ലോ കാർഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. അതിനർത്ഥം അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാവില്ല എന്നുള്ളതാണ്.ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമായ കാര്യമാണ്.
എന്തെന്നാൽ ജംഷെഡ്പൂർ തങ്ങളുടെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് കളിക്കുക.മാർച്ച് മുപ്പതാം തീയതിയാണ് ആ മത്സരം നടക്കുക. മാത്രമല്ല ഇന്നലത്തെ മത്സരത്തിനിടയിൽ ജംഷഡ്പൂരിന്റെ പ്രധാനപ്പെട്ട വിദേശ താരമായ ചീമ റെഡ് കാർഡ് കണ്ടിരുന്നു.മത്സരത്തിന്റെ 43 ആം മിനിറ്റിൽ അദ്ദേഹം ആദ്യ യെല്ലോ കാർഡ് വഴങ്ങുകയായിരുന്നു. പിന്നീട് 82 മിനിറ്റിൽ മറ്റൊരു യെല്ലോ കാർഡ് കൂടി വഴങ്ങി റെഡ് കാർഡായി മാറുകയായിരുന്നു. അദ്ദേഹത്തിനും സസ്പെൻഷനാണ്.
അടുത്ത കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ചീമയും ഉണ്ടാവില്ല.അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ മറ്റൊരു കാര്യമാണ്.സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ 3 ഗോളുകൾക്ക് ജംഷഡ്പൂരിനോട് പരാജയപ്പെട്ടിരുന്നു. അന്ന് രണ്ട് ഗോളുകൾ നേടിയ താരം ചീമയാണ്.അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും അവർക്ക് തിരിച്ചടിയായിരിക്കും. എന്നാൽ ഇദ്ദേഹത്തിന് റെഡ് കാർഡ് കിട്ടിയതിന് പിന്നാലെ മറ്റൊരു വിദേശ താരത്തെ ജംഷഡ്പൂർ കളിപ്പിച്ചത് വലിയ വിവാദമായിട്ടുണ്ട്.അവർ നിയമം ലംഘിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ വിജയികളായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് AIFF.
നിലവിൽ ജംഷഡ്പൂർ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. 19 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് അവർക്കുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക മോഹൻ ബഗാനെതിരെയാണ്. മാർച്ച് പതിമൂന്നാം തീയതിയാണ് ആ മത്സരം നമുക്ക് കാണാൻ സാധിക്കുക.