കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്കാണ് ഒരു ഗോൾ വേട്ടക്കാരനെ ആവശ്യമുള്ളത്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കർ ദിമിത്രിയോസ് ക്ലബ്ബ് വിട്ടിട്ടുണ്ട്.ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം മറ്റൊരു ഇന്ത്യൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്.
അദ്ദേഹത്തിന്റെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാരണം കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.മാത്രമല്ല കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് അദ്ദേഹം.ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ് സ്കോറർ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഒരു മികച്ച പകരക്കാരനെ ആവശ്യമുണ്ട്.
ഒരുപാട് പേരുകൾ ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും പോളണ്ടിൽ നിന്നും ഒരു റിപ്പോർട്ട് പുറത്തേക്ക് വന്നിട്ടുണ്ട്. പോളണ്ടിലെ മാധ്യമപ്രവർത്തകനായ ഡാനിയൽ ഹെഹസ്ക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പോളിഷ് സൂപ്പർ സ്ട്രൈക്കർ ജാരോസ്ലോ നീസ്ഗോഡക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് മാത്രമല്ല അത് ഫലം കണ്ടു കഴിഞ്ഞു എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതായത് നീസ്ഗോഡ ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്.
29 വയസ്സുള്ള ഈ സ്ട്രൈക്കർ നേരത്തെ പോളണ്ടിന്റെ അണ്ടർ 21 ടീമിനെ വേണ്ടി കളിച്ചിട്ടുണ്ട്. പോളണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ ലെഗിസ് വാർസോവക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവന്റോസ്ക്കിയുടെ നാട്ടുകാരനാണ് ഇദ്ദേഹം.മാത്രമല്ല ഇപ്പോൾ ലയണൽ മെസ്സിയുടെ ലീഗിൽ നിന്നാണ് അദ്ദേഹം വരുന്നത്. അതായത് ഇതുവരെ അമേരിക്കൻ ക്ലബ്ബായ പോർട്ട് ലാന്റിന് വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്.
കഴിഞ്ഞ സീസണിൽ വേണ്ടത്ര മികവ് MLSൽ പുറത്തെടുക്കാൻ കഴിയാത്തതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് പുതുക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഫ്രീ ഏജന്റായ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. 2020 മുതലാണ് ഇദ്ദേഹം ഈ അമേരിക്കൻ ക്ലബ്ബിനു വേണ്ടി കളിച്ചു തുടങ്ങിയത്.23 ഗോളുകൾ അവർക്ക് വേണ്ടി നേടിയിട്ടുണ്ട്. കൂടാതെ പോളണ്ടിലും ഗോൾ അടിച്ചു കൂട്ടിയ ചരിത്രം ഇദ്ദേഹത്തിനുണ്ട്.
ചുരുക്കത്തിൽ മികച്ച താരമാണ് നീസ്ഗോഡ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണങ്ങൾ വരേണ്ടതുണ്ട്. നിലവിൽ 13 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മൂല്യം.കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച ഒരു സ്ട്രൈക്കറെ തന്നെ കൊണ്ടുവരുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.