കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം തുടക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കുക. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ നടത്തുന്നത്. താരങ്ങൾ ഓരോരുത്തരായി ഇപ്പോൾ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.മറ്റാരുമല്ല,ജോഷുവ സോറ്റിരിയോയുടെ ചിത്രങ്ങളാണ് അവർ പങ്കുവെച്ചിട്ടുള്ളത്. അദ്ദേഹം കൊച്ചിയിൽ എത്തി കഴിഞ്ഞിട്ടുണ്ട്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിട്ടുള്ളത്. താരവുമായി ബന്ധപ്പെട്ട് ഒരുപാട് റൂമറുകൾ പ്രചരിക്കുന്നതിനിടയാണ് ബ്ലാസ്റ്റേഴ്സ് അതിനെല്ലാം വിരാമം കുറിച്ചുകൊണ്ട് പുതിയ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജോഷുവ സോറ്റിരിയോയെ സൈൻ ചെയ്തത്. ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നിരുന്നത്. താരത്തിന് വേണ്ടി വലിയൊരു ട്രാൻസ്ഫർ ഫീ കേരള ബ്ലാസ്റ്റേഴ്സ് മുടക്കുകയും ചെയ്തിരുന്നു.പക്ഷേ നിർഭാഗ്യം അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.
അതായത് പ്രീ സീസൺ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.തുടർന്ന് അദ്ദേഹം സർജറിക്ക് വിധേയനായി.കഴിഞ്ഞ സീസണിലെ മുഴുവൻ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് പറഞ്ഞു വിടും എന്ന വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ അതിനൊക്കെ ഇപ്പോൾ വിരാമം കുറിച്ചു കഴിഞ്ഞു. വരുന്ന സീസണിൽ സോറ്റിരിയോ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നുള്ള സൂചന തന്നെയാണ് ക്ലബ്ബ് ഇപ്പോൾ നൽകിയിട്ടുള്ളത്.
താരം പൂർണ്ണമായും സജ്ജനായി ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. ഒരുപാട് വിദേശ താരങ്ങൾ ഇപ്പോൾ ക്ലബ്ബ് വിട്ടിട്ടുണ്ട്. എന്നാൽ അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,നൂഹ് സദൂയി എന്നിവർ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പെപ്രയുടെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്.