കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിലാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ ഐമൻ ശേഷിച്ച ഗോൾ നേടുകയായിരുന്നു.
സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ ഇന്ത്യൻ മധ്യനിരതാരമായ ജീക്സൺ സിംഗിന് സാധിച്ചിരുന്നു. മാത്രമല്ല ഷില്ലോങ്ങിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിന്റെ ഭാഗമാവാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മത്സരത്തിൽ താരം കളിച്ചിരുന്നില്ല.പക്ഷേ മത്സരത്തിന്റെ ഭാഗമായിരുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായിട്ടുണ്ട്.
അതായത് നിലവിൽ ഖത്തറിൽ വച്ചുകൊണ്ട് ഏഷ്യൻ കപ്പ് അരങ്ങേറുകയാണ്. പക്ഷേ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാവാൻ ജീക്സൺ സിംഗ് ഇല്ല. പരിക്കിൽ നിന്നും മുക്തനാവാത്തത് കൊണ്ടായിരുന്നു അദ്ദേഹം ഇന്ത്യയുടെ ദേശീയ ടീമിൽ നിന്നും മാറി നിന്നത്. എന്നാൽ ഇപ്പോൾ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. ഇക്കാര്യത്തിലാണ് വിവാദങ്ങൾ കൊഴുക്കുന്നത്.
മറ്റു ക്ലബ്ബുകളുടെ ആരാധകരും ചില മാധ്യമപ്രവർത്തകരും കേരള ബ്ലാസ്റ്റേഴ്സ് വിരോധികളും ഇക്കാര്യം വിവാദമാക്കിയിട്ടുണ്ട്.ജീക്സണ് ഇക്കാര്യത്തിൽ ട്വിറ്ററിലൂടെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം ഫേക്ക് ഇഞ്ചുറി നടത്തി ഇന്ത്യയുടെ നാഷണൽ ടീമിൽ നിന്നും മാറിനിന്നു എന്നാണ് ആരോപണം. പക്ഷേ യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇതെന്ന് വളരെ വ്യക്തമാണ്. കാരണം ദീർഘകാലമായി ജീക്സൺ ഷോൾഡർ ഇഞ്ചുറിയുടെ പിടിയിലാണ്. അദ്ദേഹം സർജറിക്ക് പോലും വിധേയനായിരുന്നു.
ഇപ്പോഴാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.പ്രതീക്ഷിച്ചതിലും വേഗത്തിൽ ട്രെയിനിങ് തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ട്രെയിനിങ് നടത്തി, അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമായി എന്നുവച്ച് അദ്ദേഹം 100% ഫിറ്റ്നസ് വീണ്ടെടുത്തു എന്ന് പറയാനാവില്ല. മുഴുവൻ സമയവും കളിക്കാൻ സജ്ജനല്ലാത്തത് കൊണ്ട് തന്നെയാണ് അദ്ദേഹം ഇന്ത്യയുടെ ദേശീയ ടീമിൽ നിന്നും മാറി നിന്നത്. മാത്രമല്ല ഇത്ര വേഗത്തിൽ അദ്ദേഹം റിക്കവർ ആവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ചിലർ ഉന്നയിക്കുന്നത്. പക്ഷേ ട്വിറ്ററിൽ ഇത് സംബന്ധിച്ച വാഗ്വാദങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകരും വിരോധികളും തമ്മിൽ നടക്കുന്നുണ്ട്. ഈ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി മാർക്ക്സ് മർഗുലാവോ നൽകിയിട്ടുമുണ്ട്. ഇന്ത്യൻ ടീമിന്റെ ഡോക്ടർമാർ താരത്തെ പരിശോധിച്ചതാണെന്നും റിസ്ക് എടുക്കാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താത്തത് എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഏതായാലും ജീക്സൺ അടുത്ത മത്സരത്തിൽ കളിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.