ചോദിച്ചതിനേക്കാൾ ഒരു കോടി അധികം,ജീക്സൺ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സ് ലഭിച്ചത് വൻ തുക!

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരം ജീക്സൺ സിംഗ് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാളിലേക്കാണ് താരം പോകുന്നത്.

ജീക്സണുമായി ബന്ധപ്പെട്ട റൂമറുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാളിന് പുറമേ മറ്റു രണ്ട് ക്ലബ്ബുകൾ കൂടി താരത്തിന് വേണ്ടി സജീവമായി ശ്രമിച്ചിരുന്നു. അതിലൊന്ന് മോഹൻ ബഗാനാണ്. താരത്തിന് വേണ്ടി ഒരു ബിഡ്ഡിംഗ് വാർ തന്നെ ഈ മൂന്ന് ക്ലബ്ബുകൾക്കിടയിൽ നടന്നിട്ടുണ്ട്. അങ്ങനെ ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.

റെക്കോർഡ് തുകയാണ് ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫറിൽ ലഭിച്ചിട്ടുള്ളത്.3.3 കോടി രൂപ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എന്നാണ് മാധ്യമപ്രവർത്തകനായ ആശിഷ് നേഗി നൽകുന്ന വിവരം. കേരള ബ്ലാസ്റ്റേഴ്സ് യഥാർത്ഥത്തിൽ ഡിമാൻഡ് ചെയ്തിരുന്നത് രണ്ട് കോടി രൂപയായിരുന്നു. അതിനേക്കാൾ 1.3 കോടി രൂപ ഈ ബിഡ്ഢിങ്‌ വാർ കാരണം ബ്ലാസ്റ്റേഴ്സിന് അധികമായി ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഒരു മികച്ച താരത്തെയാണ് ക്ലബ്ബിന് നഷ്ടമായിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ സാമ്പത്തികപരമായി ഈ ഡീൽ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുന്നതാണ്.മികച്ച താരങ്ങളെ ഇതുവഴി ക്ലബ്ബ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ സഹലിനെ ബ്ലാസ്റ്റേഴ്സ് കൈവിട്ടിരുന്നു. കൂടാതെ ദിമി ഇത്തവണ ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. ഇതിന് പുറമേയാണ് ജീക്സൺ ക്ലബ്ബിനോട് വിട പറയുന്നത്. ഇതെല്ലാം ആരാധകർക്ക് നിരാശ നൽകുന്നതാണ്.

മാത്രമല്ല പുതിയ താരങ്ങൾ എത്താത്തത് നിരാശയുടെ ആഴം വർദ്ധിപ്പിക്കുന്നു.പക്ഷേ കൂടുതൽ സൈനിങ്ങുകൾ ഉടനെ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻ ബഗാൻ താരമായ അർമാണ്ടോ സാദിക്കുവിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ ഗോവ സ്വന്തമാക്കുകയായിരുന്നു.

Jeakson SinghKerala Blasters
Comments (0)
Add Comment