എന്റെ തിരിച്ചുവരവ് കുളം തോണ്ടി, ഞങ്ങൾക്ക് മുന്നിലുള്ളത് രണ്ടേ രണ്ട് ഓപ്ഷനുകൾ,ജീക്സൺ സിംഗ് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി തകർക്കുകയായിരുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിലെ 17,000 ഓളം വരുന്ന ആരാധകർക്ക് മുന്നിലാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് നാണക്കേടിന്റെ ആഴം വർദ്ധിപ്പിക്കുന്നു.അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത് ആരാധകർക്ക് അതിരില്ലാത്ത നിരാശ നൽകുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ ജീക്സൺ ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലേക്ക് അദ്ദേഹം തിരിച്ചെത്തിയിരുന്നു. പക്ഷേ കാര്യങ്ങൾ നല്ല രീതിയിൽ അല്ല പുരോഗമിച്ചത്.ജീക്സൺ സിംഗ് കളിച്ചിട്ടും വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.അതിനേക്കാളുപരി വളരെ പരിതാപകരമായ പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.
തന്റെ തിരിച്ചുവരവ് മോശമായി എന്ന കാര്യം ജീക്സൺ സിംഗ് തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ആകെ രണ്ട് ഓപ്ഷനുകൾ മാത്രമാണ് ഉള്ളതെന്നും ഒന്നുകിൽ ഒഴിവാക്കുക, അതല്ലെങ്കിൽ പോരാടുക എന്നിവയാണ് അതെന്നുമാണ് ജീക്സൺ സിംഗ് പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജീക്സൺ സിംഗ്.
എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷേ കഴിഞ്ഞ കുറച്ച് മത്സരങ്ങൾ മോശമായിരുന്നു. തിരിച്ചെത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ തിരിച്ചു വരവിലെ എന്റെ ആദ്യ മത്സരം അത്ര നല്ല രീതിയിലല്ല പുരോഗമിച്ചത്.ഞങ്ങളെല്ലാവരും ഫൈറ്റ് ചെയ്യും, ടോപ്പിൽ നിൽക്കാൻ വേണ്ടി തന്നെ ഫൈറ്റ് ചെയ്യും. ഈ പരാജയത്തിന് എല്ലാം ഉത്തരവാദികൾ ഞങ്ങൾ തന്നെയാണ്. ഞങ്ങളുടെ മുന്നിൽ രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത്,ഒന്നുകിൽ ഉപേക്ഷിക്കുക,അല്ലെങ്കിൽ പോരാടുക.ഇത് ഞങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പോരാടൽ ഞങ്ങളുടെ ഉത്തരവാദിത്വമാണ്,ജീക്സൺ സിംഗ് പറഞ്ഞു.
ചെന്നൈയ്ക്കെതിരെയാണ് നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക.ചെന്നൈയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ എങ്കിലും വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.