ജീസസ് ജിമിനസിനെ നാട്ടിലേക്കയച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല

Jesus Jimenez leave Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇപ്പോൾ പുരോഗമിക്കുന്ന സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ ഏറ്റവും മോശം സീസൺ ആണ്. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പ്ലേഓഫ് പ്രതീക്ഷകൾ പൂർണ്ണമായി അസ്തമിച്ചിരിക്കുന്നു. മുഖ്യ ഹെഡ് കോച്ചിന്റെ സേവനം സീസൺ മുഴുവൻ ലഭ്യമായില്ല എന്നതും, പ്രതീക്ഷിച്ച പല കളിക്കാരും നിലവാരത്തിനൊത്ത് പ്രകടനം നടത്തിയില്ല എന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 

അതേസമയം, സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് ജീസസ് ജിമിനാസ്. പ്രീ സീസൺ, ഡ്യുറണ്ട് കപ്പ് എന്നിവക്കെല്ലാം ശേഷമാണ് ജിമിനാസ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേർന്നത്. എന്നാൽ, മറ്റു വിദേശ താരങ്ങളെക്കാൾ ടീമിന്റെ ഫലങ്ങളിൽ ഇമ്പാക്ട് സൃഷ്ടിക്കാൻ ഈ സ്പാനിഷ് സ്ട്രൈക്കർക്ക് സാധിച്ചു. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് 31-കാരനായ ജീസസ് ജിമിനാസ്. നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ജിമിനാസ് നേടിയിട്ടുണ്ട്. 

എന്നാൽ, ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ജിമിനാസിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാകില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ പരിശീലനത്തിൽ പരിക്കേറ്റ ജിമിനാസിന്, കേരള ബ്ലാസ്റ്റേഴ്സിന്റെ ജംഷാഡ്പൂരിനെതിരായ മത്സരം നഷ്ടമായിരുന്നു. അദ്ദേഹത്തിന് പൂർണ്ണ ഫിറ്റ്നസിലേക്ക് തിരികെ എത്താൻ കൂടുതൽ സമയം വേണം എന്നാണ് മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ജിമിനാസിന് രണ്ടാഴ്ച അവധി നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 

അവധി ലഭിച്ചതിന് പിന്നാലെ ജീസസ് ജിമിനാസ് വിദേശത്തേക്ക് കുടുംബത്തോടൊപ്പം പോവുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ജിമിനാസ് കളിക്കില്ല. അതേസമയം, ഐഎസ്എല്ലിന് ശേഷം നടക്കാനിരിക്കുന്ന സൂപ്പർ കപ്പിലേക്ക് ജിമിനാസ് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിമിനാസിനെ കൂടാതെ നോഹ സദോയിയും നിലവിൽ പരിക്കിന്റെ പിടിയിലാണ്. മാർച്ച്‌ 7 വെള്ളിയാഴ്ച മുംബൈ സിറ്റിക്ക് എതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

indian Super leagueJesus JimenezKerala Blasters
Comments (0)
Add Comment