ജീസസ് മോഹൻ ബഗാനെ നിരസിച്ചു,നടന്നത് എന്ത്?
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഗോൾഡൻ ബൂട്ട് ജേതാവായ താരത്തിന്റെ പോക്ക് ആരാധകർക്കിടയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിരുന്നു.അന്ന് മുതൽ ഒരു പകരക്കാരനെ അന്വേഷിച്ച് നടക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിരുന്നത്.ആ അന്വേഷണം ഏകദേശം മൂന്ന് മാസത്തോളം നീണ്ടു പോവുകയായിരുന്നു.ഏറ്റവും ഒടുവിൽ സ്പാനിഷ് സ്ട്രൈക്കറായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.
വളരെയധികം പരിചയസമ്പത്തുമായാണ് താരം കടന്നുവരുന്നത്.യൂറോപ്പിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ജീസസ്.ഏറ്റവും ഒടുവിൽ ഗ്രീസിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. പരിക്ക് കാരണം വേണ്ടത്ര തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ താരം തന്റെ യഥാർത്ഥ മികവ് പുറത്തെടുക്കും എന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്.
ഇതിനിടെ മാർക്കസ് മെർഗുലാവോ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.ഈ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ വേണ്ടി നേരത്തെ മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അത് പിന്നീട് ഫലം കാണാതെ പോവുകയായിരുന്നു.പക്ഷേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അല്ലായിരുന്നു മോഹൻ ബഗാൻ ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നത്.
2022 സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ജീസസിന് വേണ്ടി മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തിയിരുന്നത്.എന്നാൽ അന്ന് അദ്ദേഹം ഇന്ത്യയിലേക്ക് വരാൻ തയ്യാറായില്ല. മറിച്ച് അമേരിക്കയിലേക്ക് അഥവാ എംഎൽഎസിലേക്കാണ് അദ്ദേഹം പോയത്.ടോറോന്റോ എഫ്സിയായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയത്.പിന്നീട് അമേരിക്കയിലും ഗ്രീസിലും ചിലവഴിച്ചതിനുശേഷമാണ് ഒടുവിൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.
താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയങ്ങൾ ഒന്നുമില്ല.പക്ഷേ പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സീസൺ മുഴുവനും കളിക്കാൻ കഴിഞ്ഞാൽ തീർച്ചയായും നല്ലൊരു ഔട്ട്പുട്ട് തന്നെ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം.ജീസസ്,ലൂണ,നോവ എന്നിവരുടെ കൂട്ടുകെട്ട് ആയിരിക്കും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാവാൻ പോകുന്നത്.ഈ കൂട്ടുകെട്ടിന് തിളങ്ങാൻ കഴിഞ്ഞാൽ വലിയ സ്വപ്നങ്ങൾ കാണാൻ ക്ലബ്ബിന് സാധിക്കും.