കേരള ബ്ലാസ്റ്റേഴ്സ് അസാമാന്യമായ ഒരു തിരിച്ചുവരവാണ് ഇന്നലത്തെ മത്സരത്തിൽ നടത്തിയത്. ഗംഭീര വിജയമാണ് ചെന്നൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെന്നൈയെ ബ്ലാസ്റ്റേഴ്സ് അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ നോവ സദോയിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളങ്ങിയത്.
അദ്ദേഹം തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതും.ജീസസ് ജിമിനസും രാഹുൽ കെപിയും മത്സരത്തിൽ ഓരോ ഗോളുകൾ വീതം നേടിയിരുന്നു.ലൂണ,കോറോ സിംഗ് എന്നിവർ ഓരോ അസിസ്റ്റും നേടി. മാത്രമല്ല ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ജീസസ് ജിമിനസ്. എന്തെന്നാൽ ക്ലബ്ബിന് വേണ്ടി തുടർച്ചയായി ആറു മത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ നേടിക്കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായി ആറു മത്സരങ്ങളിൽ ക്ലബ്ബിനു വേണ്ടി ഗോൾ നേടുന്നത്.ഇതിനു മുൻപ് ആർക്കും ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.ദിമി തുടർച്ചയായി അഞ്ചുമത്സരങ്ങളിൽ ഗോൾ നേടിയിരുന്നു.ആ റെക്കോർഡാണ് ജീസസ് മറികടന്നിട്ടുള്ളത്.
ചെന്നൈയ്ക്കെതിരെ ഗോൾ നേടുന്നതിന് മുൻപ് ഹൈദരാബാദ്, മുംബൈ സിറ്റി, ബംഗളൂരു,മുഹമ്മദൻസ്, ഒഡീഷ എന്നിവർക്കെതിരെ ഗോളുകൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ഇങ്ങനെയാണ് ആറു മത്സരങ്ങളിൽ തുടർച്ചയായി അദ്ദേഹം ഗോൾ നേടിയത്.ഐഎസ്എല്ലിൽ ഈ സീസണിൽ ഏഴു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഒരു മികച്ച സ്ട്രൈക്കറെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് എന്നത് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.