കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും അവസാനമായി കൊണ്ടുവന്ന താരമാണ് സ്പാനിഷ് സ്ട്രൈക്കറായ ജീസസ് ജിമിനസ്.ദിമി ക്ലബ്ബ് വിട്ടതിനു ശേഷം ഒരുപാട് താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ജീസസ് ടീമിൽ എത്തിയിരുന്നത്. ടീമിനോടൊപ്പം ഇണങ്ങിച്ചേരാൻ വേണ്ടത്ര സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
കൃത്യമായ പ്രീ സീസൺ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ താരത്തിന് തുടക്കത്തിൽ തിളങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ പല ആരാധകർക്കും ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഗംഭീര പ്രകടനമാണ് ജീസസ് ഇപ്പോൾ പുറത്തെടുക്കുന്നത്. ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് ഒരുപാട് വിദേശ സ്ട്രൈക്കർമാർ ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുണ്ട്. അവരെക്കാൾ ഒക്കെ മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ ജീസസിന് സാധിച്ചിട്ടുണ്ട്. ദിമി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യത്തെ ഏഴു മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു നേടിയിരുന്നത്. ഇതേ കണക്കുകൾ തന്നെയാണ് മുൻ സ്ട്രൈക്കറായ പെരേര ഡയസിനും അവകാശപ്പെടാൻ സാധിക്കുന്നത്. ആദ്യത്തെ ഏഴുമത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
ആൽവരോ വാസ്ക്കസ് ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്.ഈ 3 താരങ്ങളെക്കാളും മികച്ച കണക്കുകൾ അവകാശപ്പെടാൻ ഇപ്പോൾ ജീസസിന് സാധിക്കുന്നുണ്ട്.മാത്രമല്ല നിർഭാഗ്യം പലപ്പോഴും അദ്ദേഹത്തിന് തടസ്സമാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നാല് ഷോട്ടുകളാണ് പോസ്റ്റിലോ ക്രോസ് ബാറിലോ ഇടിച്ച് മടങ്ങിയിട്ടുള്ളത്. ഈ തടസ്സങ്ങളെല്ലാം നീക്കി മാറ്റി താരം കൂടുതൽ ഗോളുകൾ നേടുമെന്നാണ് ആരാധകർ എല്ലാവരും പ്രതീക്ഷിക്കുന്നത്.