ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു.മത്സരത്തിൽ മികച്ച പ്രകടനമാണ് ക്ലബ്ബ് പുറത്തെടുത്തത്. പ്രത്യേകിച്ച് ആദ്യപകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
യുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല.ആകെ 6 മത്സരങ്ങൾ കളിച്ച അവർ അഞ്ച് മത്സരങ്ങളിലും ജയിച്ചിരുന്നു.ഒരു മത്സരം സമനിലയിൽ കലാശിച്ചു. എന്നാൽ എല്ലാ കണക്കുകളെയും തെറ്റിക്കാൻ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുകയായിരുന്നു.അവരുടെ മൈതാനത്ത് വെച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ചരിത്ര
വിജയം സ്വന്തമാക്കിയത്.
എന്തുകൊണ്ടാണ് ഈ മത്സരത്തിൽ പരാജയപ്പെട്ടത്? അതിന്റെ കാരണങ്ങൾ ഓരോന്നായി മോഹൻ ബഗാൻ പരിശീലകനായ ഫെറാണ്ടോ അക്കമിട്ട് നിരത്തിയിട്ടുണ്ട്.പല പ്രധാന താരങ്ങളുടെയും അഭാവം,തുടർച്ചയായി കളിക്കേണ്ടി വരുന്ന മത്സരങ്ങൾ, കളിച്ച താരങ്ങളുടെ ശാരീരികമായ പ്രശ്നങ്ങൾ എന്നൊക്കെയാണ് ന്യായീകരണങ്ങൾ ആയിക്കൊണ്ട് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ആദ്യപകുതി തങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്നും ഫെറാണ്ടോ പറഞ്ഞിട്ടുണ്ട്. മത്സരത്തിനുശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങളുടെ എട്ട് താരങ്ങളായിരുന്നു പുറത്ത്. അതുകൊണ്ടുതന്നെ എതിർ ടീമിനെ കുറിച്ച് ചിന്തിക്കുകയായിരുന്നില്ല ഞാൻ. മറിച്ച് എന്റെ ടീമിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. സാഹചര്യങ്ങൾ ഒട്ടും ശരിയായിരുന്നില്ല.ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാമായിരുന്നു.എല്ലാം മത്സരങ്ങളും ജയിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുപോലെതന്നെ എല്ലാ മത്സരങ്ങളും പരാജയപ്പെടുക എന്നതും ബുദ്ധിമുട്ട് തന്നെയാണ്.കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പ്രധാനപ്പെട്ട നാല് മത്സരങ്ങൾ ഞങ്ങൾക്ക് കളിക്കേണ്ടിവന്നു. ഓരോ മത്സരത്തിലും പരാജയപ്പെടുന്നതിനോടൊപ്പം ചുരുങ്ങിയത് മൂന്ന് താരങ്ങളെയും ഞങ്ങൾക്ക് നഷ്ടപ്പെടുന്നു.ഇന്നത്തെ മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയായിരുന്നു.താപ്പ പോലെയുള്ള താരങ്ങൾക്ക് ശാരീരികമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.അതൊക്കെ തിരിച്ചടിയായി,ഇതാണ് മോഹൻ ബഗാൻ കോച്ച് പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇപ്പോൾ 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുള്ള അവർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒന്നാം സ്ഥാനമാണ് അലങ്കരിക്കുന്നത്.