ഇവാന്റെ പകരക്കാരൻ യുവാൻ ഫെറാണ്ടോ? കൂടുതൽ വിവരങ്ങൾ പുറത്ത്!
അടുത്ത സീസണിലേക്ക് വേണ്ടി ഒരു പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ആരംഭിച്ചതാണ്. മൂന്നുവർഷത്തെ സേവനത്തിന് ശേഷം ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിരുന്നു. ക്ലബ്ബും പരിശീലകനും ചേർന്നു കൊണ്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇവാന്റെ പകരക്കാരനായി കൊണ്ട് ഒരു മികച്ച പരിശീലകനെ തന്നെ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. അതായത് പരിശീലകരെ കേരള ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് ഉള്ളത്.പരിശീലകനെ നിയമിക്കാൻ ഒരല്പം സമയം പിടിക്കും എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കൊൽക്കത്ത മാധ്യമപ്രവർത്തകനായ സോഹൻ പോഡർ മറ്റൊരു അപ്ഡേറ്റ് പങ്കുവെച്ചിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് മുൻ മോഹൻ ബഗാൻ പരിശീലകനായ യുവാൻ ഫെറാണ്ടോയെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ചോയ്സായിക്കൊണ്ട് ഈ സ്പാനിഷ് പരിശീലകനെയാണ് പരിഗണിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.എന്നാൽ ഇദ്ദേഹത്തെ മാത്രമല്ല പരിഗണിക്കുന്നത്. ഇദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തയ്യാറായിട്ടില്ലെങ്കിൽ ബാക്കപ്പ് ഓപ്ഷനെക്കൂടി കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഐഎസ്എല്ലിൽ പ്രവർത്തിച്ച് പരിചയമുള്ള പരിശീലകനാണ് യുവാൻ ഫെറാണ്ടോ.2020/21സീസണിൽ ഗോവയുടെ പരിശീലകനായി കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്.ഗോവക്ക് ഡ്യൂറന്റ് കപ്പ് ആ സീസണിൽ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് 2021 മുതൽ 2024 വരെ അദ്ദേഹം മോഹൻ ബഗാന്റെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നു. ഈ കാലയളവിൽ ഐഎസ്എൽ കിരീടവും ഡ്യൂറന്റ് കപ്പും മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. പക്ഷേ ഈ സീസണിന്റെ തുടക്കത്തിൽ നിരാശജനകമായ പ്രകടനം നടത്തിയതുകൊണ്ട് തന്നെ മോഹൻ ബഗാൻ ഈ പരിശീലകനെ പുറത്താക്കുകയായിരുന്നു.
നിലവിൽ ഇദ്ദേഹം മറ്റേത് ക്ലബ്ബിന്റെയും പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല.അതുകൊണ്ടുതന്നെ ഫെറാണ്ടോയെ കൊണ്ടുവരാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. പക്ഷേ ഈ റൂമറിൽ ഇനിയും ആധികാരികതകൾ കൈവരേണ്ടതുണ്ട്.