ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ കളിക്കുന്ന ക്ലബ്ബുകളിൽ ഒരു മേജർ കിരീടം പോലും നേടാൻ സാധിക്കാത്ത രണ്ടേ രണ്ട് ക്ലബ്ബുകളാണ് ഉള്ളത്. ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെട്ടവരാണ് കേരള ബ്ലാസ്റ്റേഴ്സ്. പത്തുവർഷത്തെ ചരിത്രത്തിനിടയിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരു ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. 10 വർഷത്തെ ചരിത്രത്തിനിടയിൽ അവർക്കും ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. രണ്ട് ടീമുകൾക്കും വലിയ ആരാധക കൂട്ടമുണ്ടെങ്കിലും നിരാശ മാത്രമാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. കിരീടത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ യുവാൻ ബെനാലി കിരീടമില്ലാത്തതിന്റെ ദുഃഖം പങ്കുവെച്ചിട്ടുണ്ട്.ഒരു ആരാധകൻ കിരീടം ഇല്ലാത്തതിന്റെ സങ്കടം തനിക്ക് മെസ്സേജിലൂടെ അറിയിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് നാണക്കേട് തന്നെയാണെന്ന് ബെനാലി പറഞ്ഞിട്ടുണ്ട്. ഇന്നലെ നടത്തിയ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പരിശീലകൻ.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്നേഹിക്കുന്ന ഒരു ആരാധകനിൽ നിന്നും ഒരു മെസ്സേജ് കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചു. അദ്ദേഹം 10 വർഷത്തോളമായി കാത്തിരിപ്പിലാണ്, ക്ലബ്ബിന്റെ കിരീട ധാരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ഒരു പരിശീലകൻ എന്ന നിലയിൽ എനിക്ക് തന്നെ നാണക്കേടാണ് ” ഇതാണ് ബെനാലി പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേരിടുക.ഈ സീസണിൽ വലിയ മികവൊന്നും അവകാശപ്പെടാൻ ഈ ക്ലബ്ബിന് സാധിക്കുന്നില്ല. പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുന്ന അവർ നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്.