ഹൂലിയൻ ആൽവരസിന്റെ ഭാവി തുലാസിൽ,സ്വന്തമാക്കാൻ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്,ഏത് ക്ലബ്ബാണ് താരത്തിന് നല്ലത്?
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ മുന്നേറ്റ നിര താരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ ക്ലബ്ബിൽ സന്തോഷവാനല്ല. ക്ലബ്ബിനകത്ത് രണ്ടു വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടും തനിക്ക് അർഹമായ അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി നൽകുന്നില്ല എന്നാണ് താരത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം തനിക്ക് സ്ഥിരമായി അവസരങ്ങൾ ലഭിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ ആൽവരസ് ആലോചിക്കുന്നുണ്ട്.ഇത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്ക നൽകിയിട്ടുണ്ട്.
ഹാലന്റ് ഉള്ളതുകൊണ്ടുതന്നെ ഈ അർജന്റീന താരത്തെ സിറ്റി സ്ഥിരമായി ഉപയോഗപ്പെടുത്താറില്ല.പക്ഷേ ലഭിച്ച അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ താൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പക്ഷേ താരത്തിന്റെ പ്രതിഭയിൽ സംശയമില്ലാത്ത സിറ്റി അദ്ദേഹത്തെ കൈവിടാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ ആൽവരസിന്റെ ക്യാമ്പുമായി സിറ്റി അധികൃതർ ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്.അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ അവർ തുടരുകയാണ്.
എന്നാൽ താരത്തിന് വേണ്ടിവരുന്ന ഓഫറുകൾ ശ്രവിക്കാൻ തന്നെയാണ് താരത്തിന്റെ ക്യാമ്പിന്റെ തീരുമാനം.ആൽവരസിനെ സ്വന്തമാക്കാൻ വേണ്ടി ആദ്യം രംഗത്ത് വന്നത് സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡാണ്. അവരുടെ അർജന്റൈൻ പരിശീലകനായ ഡിയഗോ സിമയോണിക്ക് ഈ താരത്തിൽ താല്പര്യമുണ്ട്. ഇതുകൂടാതെ പിഎസ്ജിക്കും ഇപ്പോൾ ഈ മുന്നേറ്റ നിര താരത്തെ ആവശ്യമുണ്ട്.ആൽവരസിന് വേണ്ടി എത്ര പണം ചെലവഴിക്കാനും അവർ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസിക്കും താരത്തെ ഇപ്പോൾ വേണം.അവരും ആവശ്യപ്പെടുന്ന പണം ചെലവഴിക്കാൻ തയ്യാറാണ്. നേരത്തെ സിറ്റിയിൽ നിന്നും പാൽമറെ കൊണ്ടുവന്നത് വൻ സക്സസായിരുന്നു. അതുപോലെതന്നെ ആൽവരസിനെയും സ്വന്തമാക്കാൻ കഴിയും എന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.നിലവിൽ താരത്തിന്റെ ഭാവി തുലാസിലാണ്.അടുത്ത സീസണിൽ ഏത് ക്ലബ്ബിന് വേണ്ടി അദ്ദേഹം കളിക്കും എന്നത് ഇനിയും തീരുമാനമാവേണ്ട കാര്യമാണ്.