ഇന്നലെ ഒളിമ്പിക്സിൽ നടന്ന രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏഷ്യൻ രാജ്യമായ ഇറാഖിനെ അവർ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്. മത്സരത്തിൽ ഹൂലിയൻ ആൽവരസ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നു.തിയാഗോ അൽമേഡയും എക്വി ഫെർണാണ്ടസും ഗോണ്ടോയുമാണ് ഗോളുകൾ നേടിയിരുന്നത്. അർജന്റീനക്ക് ഈ മത്സരത്തിൽ വിജയം നിർബന്ധമായിരുന്നു.
എന്തെന്നാൽ ആദ്യം മത്സരത്തിൽ അവർ മൊറോക്കോയോട് തോറ്റിരുന്നു.ഈ മത്സരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ അവർ പുറത്താവുമായിരുന്നു. പക്ഷേ നിർണായക മത്സരത്തിൽ അവർ വിജയിച്ചു. ഇതോടെ ക്വാർട്ടർ സാധ്യതകൾ അവർ നിലനിർത്തിയിട്ടുണ്ട്. ആദ്യമത്സരത്തിലെ വിവാദങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ല എന്നത് അവർ തെളിയിച്ചു കഴിഞ്ഞു.
അതിന് മെസ്സിയുടെ മോട്ടിവേഷനും സഹായകരമായിട്ടുണ്ട്.ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, സൂപ്പർ താരം ഹൂലിയൻ ആൽവരസാണ്. മെസ്സി മെസ്സേജ് അയച്ചു കൊണ്ട് തങ്ങളെ പ്രചോദിപ്പിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഗോൾഡ് മെഡൽ നേടാനും മെസ്സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൂലിയൻ പറഞ്ഞിട്ടുണ്ട്.
ഞങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മെസ്സി മെസ്സേജ് അയച്ചിരുന്നു. ആദ്യത്തെ മത്സരം മറക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.വരുന്ന മത്സരത്തിൽ ഫോക്കസ് ചെയ്യാനായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഞങ്ങളോട് ചാമ്പ്യന്മാരാവാൻ അദ്ദേഹം,ഗോൾഡ് മെഡൽ നേടാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.പോരാളികളാവണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.മെസ്സിയുടെ സന്ദേശം ഞങ്ങളെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്,ഹൂലിയൻ ആൽവരസ് പറഞ്ഞു.
അടുത്ത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഉക്രൈനാണ്. മത്സരത്തിൽ സമനില വഴങ്ങിയാലും അർജന്റീനക്ക് സാധ്യതകൾ ഉണ്ട്. പക്ഷേ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ അർജന്റീനക്ക് പുറത്ത് പോകേണ്ടിവരും.കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയെ തോൽപ്പിക്കാൻ ഉക്രൈന് കഴിഞ്ഞിരുന്നു.