കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചില പ്രധാനപ്പെട്ട നീക്കങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കി എന്നത് തന്നെയാണ്. അദ്ദേഹം ക്ലബ്ബ് വിട്ട് പുറത്ത് പോകും എന്ന റൂമറുകൾ പ്രചരിക്കുന്നതിനിടയാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് താരത്തെ നിലനിർത്തിയത്.കൂടാതെ 2 വിദേശ താരങ്ങളെ ക്ലബ്ബ് കൊണ്ടുവരികയും ചെയ്തു.നോഹ് സദോയി,അലക്സാൻഡ്രേ കോയെഫ് എന്നിവരാണ് ആ രണ്ട് താരങ്ങൾ.
അതേസമയം ദിമി,ജീക്സൺ എന്നിവർ ക്ലബ്ബ് വിട്ടതിൽ ആരാധകർ വളരെയധികം നിരാശരാണ്. ഇതിനിടെ ഇന്നലെയൊരു പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. പ്രതിരോധനിരയിലെ സൂപ്പർ താരമായ മിലോസ് ഡ്രിൻസിച്ചിന്റെ കോൺട്രാക്ട് ക്ലബ്ബ് പുതുക്കുകയായിരുന്നു. 2025 വരെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ കരാർ 2026 വരെ ദീർഘിപ്പിക്കുകയായിരുന്നു.ഇനി ഈ സീസണിൽ ഡ്രിൻസിച്ചും കോയെഫും ചേർന്നുകൊണ്ടാണ് പ്രതിരോധത്തെ നയിക്കുക.
കോൺട്രാക്ട് പുതുക്കിയതിനുശേഷം താരത്തെക്കുറിച്ച് ചില കാര്യങ്ങൾ സ്പോർട്ടിങ് ഡയറക്ടർ സ്കിൻകിസ് പറഞ്ഞിട്ടുണ്ട്. വളരെയധികം ആത്മാർത്ഥതയുള്ള ഒരു താരമാണ് എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.ലീഡർഷിപ്പ് ക്വാളിറ്റിയും അദ്ദേഹത്തിന് ഉണ്ടെന്ന് സ്പോട്ടിംഗ് ഡയറക്ടർ നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
വളരെയധികം ആത്മാർത്ഥതയുള്ള ഒരു താരമാണ് മിലോസ് ഡ്രിൻസിച്ച്.കൂടാതെ മികച്ച പ്രകടനം നടത്താൻ എപ്പോഴും വളരെ ഉയർന്ന പ്രചോദനമുള്ള താരം കൂടിയാണ് അദ്ദേഹം. ഇതിനൊക്കെ പുറമേ ലീഡർഷിപ്പ് ക്വാളിറ്റികളും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഞങ്ങളോടൊപ്പം തുടരുന്നു എന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. വരുന്ന സീസൺ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു സീസൺ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു, ഇതാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ മാനേജ്മെന്റിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ഡ്യൂറന്റ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തിച്ചേർന്നിട്ടുണ്ട്.