കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ഇവിടെ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
അത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയ ഒരു കാര്യമായിരുന്നു. നിരവധി ആരാധകർ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മഞ്ഞപ്പട രണ്ട് ടിഫോകൾ ഉയർത്തുകയും ചെയ്തിരുന്നു.എന്നാൽ സന്തോഷത്തോടുകൂടി മടങ്ങാൻ ആരാധകർക്ക് കഴിഞ്ഞിരുന്നില്ല. ഇന്ന് അതിന് കഴിയും എന്നാണ് ആരാധകരുടെ ശുഭാപ്തി വിശ്വാസം.
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ഫ്രഞ്ച് താരമാണ് അലക്സാൻഡ്രെ കോയെഫ്.ലാലിഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.കൂടാതെ ഫ്രഞ്ച് ലീഗിൽ ഒരുപാട് കാലം കളിച്ചിട്ടുണ്ട്. എന്നാൽ അവിടത്തെയൊക്കെ ആരാധകരെക്കാൾ മുകളിൽ നിൽക്കുന്ന ആരാധകരാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കോയെഫ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഈ ക്ലബും ഈ ആരാധക കൂട്ടവും അവിശ്വസനീയമാണ്. ഇതുപോലെയുള്ള ആരാധകർ യൂറോപ്പിലെ ക്ലബ്ബുകളിൽ പോലുമില്ല.എനിക്ക് അതേക്കുറിച്ച് അറിവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ സൈൻ ചെയ്യാൻ തോന്നിയത് വളരെ നാച്ചുറലായ ഒരു കാര്യമായിരുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് ബ്ലാസ്റ്റേഴ്സ് കോയെഫിനെ ഉപയോഗപ്പെടുത്തുന്നത്.ആദ്യ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തിയിരുന്നു. വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ഇദ്ദേഹം.അതാണ് ക്ലബ്ബിന് മുതൽക്കൂട്ടാവുന്ന കാര്യം.