കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂറൻഡ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി.ആരാധകരെ നിരാശപ്പെടുത്തുക മാത്രമാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു. പക്ഷേ കൊച്ചിയിലേക്ക് മടങ്ങാൻ അവർ തയ്യാറായിരുന്നില്ല,കൊൽക്കത്തയിൽ തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.
എന്തെന്നാൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു.സൂപ്പർ ലീഗ് കേരള ക്ലബ്ബുകളാണ് അത് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ ട്രെയിനിങ് ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.അത് പൂർത്തിയാവാത്തത് കൊണ്ടാണ് കൊൽക്കത്തയിൽ തന്നെ തുടരാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.
തൃപ്പൂണിത്തറയിലാണ് പുതിയ ട്രെയിനിങ് ഗ്രൗണ്ട് വരുന്നത്. എന്നാൽ അതിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ എന്ന് കൊച്ചിയിലേക്ക് എത്തും എന്നുള്ളതിന്റെ സൂചനകൾ പുറത്തേക്ക് വന്നിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് എത്തുക. ഈ സീസണിൽ ആദ്യമായിട്ടാണ് ക്ലബ്ബ് കൊച്ചിയിലേക്ക് വരുന്നത്.
ആദ്യമത്സരം ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് കളിക്കുന്നത്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. സെപ്റ്റംബർ 15 ആം തീയതിയാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് ഇപ്പോൾ ക്ലബ്ബ് ഉള്ളത്.