ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. കരുത്തരായ മോഹൻ ബഗാനെയാണ് അവർ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് മോഹൻ ബഗാൻ ലീഡ് എടുത്തിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിയത്. രണ്ട് ഗോളുകൾ നേടി കൊണ്ട് അവർ സമനില പിടിക്കുകയായിരുന്നു.
പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തങ്ങളുടെ ഗോൾകീപ്പറുടെ മികവിൽ അവർ പെനാൽറ്റി ഷൂട്ടൗട്ട് വിജയിച്ചുകൊണ്ട് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ നോർത്ത് ഈസ്റ്റ് എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം അവർ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ മേജർ ട്രോഫി ഇല്ലാത്ത ഏക ക്ലബ് ആയി ഇതോടെ ബ്ലാസ്റ്റേഴ്സ് മാറുകയായിരുന്നു. ബാക്കി എല്ലാ ക്ലബ്ബുകൾക്കും ചുരുങ്ങിയത് ഒരു കിരീടമെങ്കിലും അവരുടെ ഷെൽഫിലുണ്ട്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാണക്കേട് തന്നെയാണ്.ഈ നാണക്കേടിനിടയിലും ആശ്വാസകരമായ ഒരു കാര്യം ഇന്നലെ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിട്ടുണ്ട്. ഡ്യൂറന്റ് കപ്പിലെ ഗോൾഡൻ ബൂട്ട് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ നോഹ് സദോയിയാണ് സ്വന്തമാക്കിയിട്ടുള്ളത്.ബാക്കി എല്ലാ താരങ്ങളെയും പിന്തള്ളിക്കൊണ്ട് അദ്ദേഹം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
ഡ്യൂറൻഡ് കപ്പിൽ അദ്ദേഹം 6 ഗോളുകളാണ് നേടിയിട്ടുള്ളത്. രണ്ട് ഹാട്രിക്കുകൾ നേടി. മുംബൈ സിറ്റി,CISF എന്നിവർക്കെതിരെയായിരുന്നു താരത്തിന്റെ ഹാട്രിക്കുകൾ പിറന്നിരുന്നത്.ഇതിനുപുറമേ 2 അസിസ്റ്റുകൾ കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഏതായാലും ഗോൾഡൻ ബൂട്ട് പുരസ്കാരം ഇന്നലെ താരം സ്വീകരിക്കുകയും ചെയ്തു.
ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ നിന്നും പുറത്തായത്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ എല്ലാ ആരാധകർക്കും വലിയ നിരാശയുണ്ട്.കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. അതും ആരാധകരെ വല്ലാതെ രോഷം പിടിപ്പിക്കുന്നുണ്ട്.