ബിയോണിന്റെ നിർദ്ദേശം,സെഫറോവിച്ചിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ക്ലബ്ബ് വിട്ടത്.ഈസ്റ്റ് ബംഗാളിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ പോക്ക് ആരാധകരെ വല്ലാതെ നിരാശയിലാഴ്ത്തിയിരുന്നു. എന്തെന്നാൽ അതുപോലെ ഒരു സ്ട്രൈക്കറെ ഇനി ബ്ലാസ്റ്റേഴ്സിന് ലഭിക്കുമോ എന്നായിരുന്നു ആരാധകരുടെ സംശയം.
ദിമിയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണം ഏറെ കാലം തുടർന്നിരുന്നു. ഏകദേശം മൂന്നുമാസത്തോളമാണ് ഒരു സ്ട്രൈക്കറെ എത്തിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്.പല താരങ്ങൾക്ക് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. പക്ഷേ അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു. ഒടുവിൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിൽ ജീസസ് ജിമ്മിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ജീസസ് ജിമിനസിനെ കൊണ്ടുവരുന്നതിനു മുൻപ് മറ്റൊരു സ്ട്രൈക്കർക്കുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. മുൻപ് സ്വിറ്റ്സർലാൻഡ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഹാരിസ് സെഫറോവിച്ചിന് വേണ്ടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായ ബിയോൺ വെസ്ട്രോമിന് അറിയാവുന്ന താരമാണ് സെഫാറോവിച്ച്.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തിനു വേണ്ടി ശ്രമിച്ചിരുന്നത്.
ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.റയൽ സോസിഡാഡ്,ബെൻഫിക,സെൽറ്റ വിഗോ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.എന്നാൽ ബ്ലാസ്റ്റേഴ്സിന് ഈ താരത്തെ കൊണ്ടുവരാൻ കഴിഞ്ഞില്ല. തുടർന്നാണ് ജീസസ് ജിമിനസിലേക്ക് അവർ എത്തിയിരുന്നത്. മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുക്കാൻ ജീസസിന് കഴിയുന്നുണ്ട്. 10 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനം തുടരുകയാണ്.അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും നിരാശയിലാണ്.