ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കൊൽക്കത്തയിൽ ആണ് ക്ലബ്ബിന്റെ ക്യാമ്പ് തുടരുന്നത്. അതായത് കൊച്ചിയിലെ ട്രെയിനിങ് ഗ്രൗണ്ട് നിലവിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.പനമ്പിള്ളി നഗർ മൈതാനം സൂപ്പർ ലീഗ് കേരള ക്ലബ്ബുകളുടെ കൈവശമാണ് ഇപ്പോൾ ഉള്ളത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പുതിയ ട്രെയിനിങ് ഫെസിലിറ്റി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
തൃപ്പൂണിത്തറയിലാണ് പുതിയ പരിശീലന മൈതാനം നിർമ്മിക്കുന്നത്.എന്നാൽ അതിന്റെ നിർമാണത്തിൽ കാര്യമായ പുരോഗതികൾ ഒന്നുമില്ല.അതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ തന്നെ ക്യാമ്പ് തുടരുന്നത്.എന്നാൽ ട്രെയിനിങ് ഗ്രൗണ്ട് മാത്രമല്ല,സൂപ്പർ ലീഗ് കേരള കാരണം ബ്ലാസ്റ്റേഴ്സിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെ നഷ്ടമാവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
സൂപ്പർ ലീഗ് ക്ലബ്ബായ ഫോഴ്സാ കൊച്ചിയുടെ മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂളുകൾക്ക് ഇത് തടസ്സം സൃഷ്ടിച്ചേക്കാം. തുടക്കത്തിലെ ചില മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വച്ച് കളിക്കാൻ സാധിക്കില്ല എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.അതുകൊണ്ടുതന്നെ പകരം ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത് ഹൈദരാബാദിനെയാണ്.
കലൂർ സ്റ്റേഡിയം ലഭ്യമല്ലെങ്കിൽ തങ്ങളുടെ ഹോം മത്സരങ്ങൾ ഹൈദരാബാദിലേക്ക് മാറ്റാൻ ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം പ്രമുഖ മാധ്യമപ്രവർത്തകനായ ആഷിശ് നേഗിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കും. എന്തെന്നാൽ ടിക്കറ്റ് വിൽപ്പനയുടെ കാര്യത്തിൽ സാമ്പത്തികപരമായി ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടം ഉണ്ടാകും. കൊച്ചിയിൽ മുപ്പതിനായിരത്തോളം ആരാധകർ പങ്കെടുക്കുന്ന സ്ഥാനത്ത് വളരെ കുറഞ്ഞ ആരാധകരെ മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിൽ ലഭിക്കുക. അതുകൊണ്ടുതന്നെ പരമാവധി കൊച്ചിയിൽ വച്ച് മത്സരങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും.
സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ച് കൊണ്ടാണ് മത്സരം അരങ്ങേറുക. വിജയിച്ചു കൊണ്ട് തുടക്കമിടാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്നാണ് ആ ആരാധകർ പ്രതീക്ഷിക്കുന്നത്.