ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇന്നാണ്.ഇന്നത്തോടുകൂടി ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ചെയ്യും. അതുകൊണ്ടുതന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ള കഠിന ശ്രമങ്ങളിലാണ്.കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ വിദേശ സ്ട്രൈക്കറാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു.
എന്നാൽ കൂടുതൽ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ബംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് പൊസിഷൻ കളിക്കുന്ന നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നത് ഇന്നലെ തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. 25കാരനായ ഈ താരത്തെ ബംഗളൂരു ബ്ലാസ്റ്റേഴ്സിന് കൈമാറാൻ തയ്യാറാകുമോ എന്നുള്ളതൊക്കെ കാത്തിരുന്ന കാണേണ്ട കാര്യമാണ്.
ഇതിനുപുറമേ രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി എത്തിക്കാനുള്ള ശ്രമങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. അതിൽ ഒരാൾ ഹാർഡി ക്ലിഫ് നോങ്ബ്രിയാണ്.മധ്യനിരയിൽ കളിക്കുന്ന ഈ താരത്തിന്റെ പ്രായം 27 ആണ്.ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.ഇദ്ദേഹത്തെ വിട്ട് നൽകാൻ ഷില്ലോങ് തയ്യാറാകുമോ എന്നുള്ളത് കാണേണ്ട കാര്യം തന്നെയാണ്.
അതോടൊപ്പം തന്നെ മറ്റൊരു താരത്തിന് വേണ്ടിയും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.ഫ്രാങ്ക്കി ബുവാം എന്ന താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹം അറ്റാക്കിങ് മിഡ്ഫീൽഡർ ആണ്.ഡ്യൂറൻഡ് കപ്പിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.ഈ രണ്ടു താരങ്ങളെയും സ്വന്തമാക്കാൻ കഴിഞ്ഞാൽ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. പക്ഷേ അവരുടെ ക്ലബ്ബിന്റെ നിലപാട് കൂടി അറിയേണ്ടതുണ്ട്.
ഈ മൂന്ന് താരങ്ങളിൽ ആരെയെങ്കിലും ബ്ലാസ്റ്റേഴ്സിന് ലഭിക്കുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.ഇന്നത്തോടുകൂടി ഡീൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് ഫലം കാണില്ല. മധ്യനിരയിലേക്ക് കൂടുതൽ താരങ്ങളെ ആവശ്യമാണ് എന്നുള്ളത് ആരാധകർ എപ്പോഴും ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെയാണ് രണ്ടു താരങ്ങളെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചിരിക്കുന്നത്.