അമ്പോ..ഇത് താണ്ടാ ബ്ലാസ്റ്റേഴ്സ്.. നാലെണ്ണം തിരിച്ചടിച്ച് ഫീനിക്സ് പക്ഷിയായി കേരള ബ്ലാസ്റ്റേഴ്സ്.
അവിശ്വസനീയമായ കാഴ്ചകൾക്കാണ് ഇന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പോലും സ്വപ്നം കാണാത്ത രൂപത്തിലുള്ള അതിശയിപ്പിക്കുന്ന ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ നടത്തിയിട്ടുള്ളത്. രണ്ട് ഗോളുകൾക്ക് പിറകിലായ ബ്ലാസ്റ്റേഴ്സ് പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ഫീനിക്സ് പക്ഷേ പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് 11 ലേക്ക് ദിമി മടങ്ങിയെത്തിയിരുന്നു.ലെസ്ക്കോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് ഹോർമിയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾ ഏറ്റു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൗളിൻ ബോർജസ് ഗോവക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.ഒരു തകർപ്പൻ വോളിയിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്.പിന്നീട് 10 മിനിറ്റിനു ശേഷം ഗോവ വീണ്ടും ലീഡ് ഉയർത്തി. നോഹയുടെ പാസിൽ നിന്നും യാസിർ അനായാസം ഗോൾ സ്വന്തമാക്കുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് തോൽവി മുന്നിൽ കണ്ടു. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല.
പക്ഷേ രണ്ടാം പകുതിയിൽ വിശ്വസിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. മത്സരത്തിന്റെ 51ആം മിനിട്ടിൽ തന്നെ സക്കായ് ഒരു തകർപ്പൻ ഫ്രീകിക്ക്ലൂടെ ഗോൾ നേടുകയായിരുന്നു.ആ ഫ്രീകിക്ക് കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഊർജ്ജം നൽകി.പിന്നീട് നിരന്തരം ആക്രമണങ്ങൾ നടത്തി. അതിന്റെ ഫലമായിക്കൊണ്ട് 80ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിക്കുകയായിരുന്നു. ഗോവൻ താരം ഹാൻഡ് ബോൾ വഴങ്ങിയതിന് തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിച്ചത്. അത് ഒരു പിഴവും കൂടാതെ ദിമി വലയിൽ എത്തിച്ചു.
അവിടംകൊണ്ട് അവസാനിച്ചില്ല.84ആം മിനുട്ടിൽ ദിമി മറ്റൊരു ഗോൾ കൂടി കണ്ടെത്തുകയായിരുന്നു.ഗോവൻ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത ഈ താരം കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു. അതോടെ കേരള ബ്ലാസ്റ്റേഴ്സ് 3-2 എന്ന നിലയിൽ എത്തി. കുറച്ച് മിനിറ്റുകൾക്ക് ശേഷം ചെർനിച്ചിന്റെ ആദ്യ ഗോൾ പിറന്നു.ദിമി നൽകിയ പാസ് ബുദ്ധിമുട്ടുള്ള ആംഗിളിൽ നിന്നും ഒരു പവർഫുൾ ഷോട്ടിലൂടെ ചെർനിച്ച് ഗോൾ നേടുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവരികയായിരുന്നു.
അതായത് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലും പരാജയം മുന്നിൽ കണ്ടിരുന്നു. പക്ഷേ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് വിലപ്പെട്ട മൂന്ന് പോയിന്റുകൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.ഇതോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഉള്ളത്.