അന്നവർ ചെറിയ പിള്ളേർ,ഇന്നവർ ഐഎസ്എല്ലിന്റെ നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കുന്നു,മലയാളി താരങ്ങളെ പ്രശംസിച്ച് വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. 9 മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു വിജയങ്ങൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്.പക്ഷേ അവസാനത്തെ രണ്ടു മത്സരങ്ങൾ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ചെന്നൈയോട് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഗോവയോട് പരാജയപ്പെടുകയും ചെയ്തു.ഇങ്ങനെ പോയിന്റുകൾ നഷ്ടപ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.

ഈ സീസണിൽ പലപ്പോഴും യുവ താരങ്ങൾക്ക് അവസരം നൽകാൻ പരിശീലകൻ ഇവാൻ വുക്മനോവിച്ച് ശ്രദ്ധിക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മലയാളി യുവതാരങ്ങൾ ഇപ്പോൾ സ്ഥിര സാന്നിധ്യങ്ങളായി കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത് സച്ചിൻ സുരേഷാണ്. അതുപോലെതന്നെ ഒട്ടുമിക്ക മത്സരങ്ങളിലും വിബിൻ മോഹനൻ സ്റ്റാർട്ട് ചെയ്യുന്നുണ്ട്.ഐമനും അസ്ഹറുമെല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നു.ബ്ലാസ്റ്റേഴ്സിന്റെ അക്കാദമികളിലൂടെ വളർന്നുവന്ന താരങ്ങൾ മികച്ച പ്രകടനം നടത്തുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനും ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. രണ്ടര വർഷം മുൻപ് ചെറിയ പിള്ളേരായിരുന്ന ഈ താരങ്ങൾ ഇന്ന് ഐഎസ്എല്ലിന്റെ നിലവാരത്തിലുള്ള ഈ പ്രകടനം പുറത്തെടുക്കുന്നത് വളരെയധികം സന്തോഷം നൽകുന്നു എന്നാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിനുശേഷം മാധ്യമങ്ങളെ കാണുന്ന വേളയിലാണ് ഇക്കാര്യം സംസാരിച്ചത്.

സച്ചിനൊരു യുവ ഗോൾ കീപ്പറാണ്.അദ്ദേഹം ഞങ്ങൾക്കൊപ്പം ആരംഭിച്ചത് രണ്ടര വർഷം മുൻപാണ്. അദ്ദേഹത്തെ അയ്മനും അസ്ഹറിനും വിബിനുമെല്ലാമൊപ്പമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. രണ്ടരവർഷം മുൻപ് സച്ചിനുൾപ്പെടെയുള്ളവർ ചെറിയ കുട്ടികളായിരുന്നു. ഓരോ വർഷവും പുരോഗമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ കുട്ടികൾ ഐഎസ്എല്ലിന്റെ നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇവാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇനി ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക പഞ്ചാബിനെതിരെയാണ്.അവരുടെ വേദിയിൽ വച്ചാണ് പഞ്ചാബിനെ നേരിടുക. ഈ മത്സരത്തിൽ വിജയം നിർബന്ധമാണ് എന്ന് തന്നെ പറയേണ്ടിവരും. കാരണം ഇനിയും പോയിന്റ്കൾ ഡ്രോപ്പ് ചെയ്താൽ അത് വലിയ തിരിച്ചടിയായിരിക്കും. കേരള ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടിക്കൊണ്ട് വിജയവഴിയിൽ തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment