കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്റ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ ഗംഭീര വിജയം ക്ലബ്ബ് നേടിയിരുന്നു.പക്ഷേ പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി. ഇനി അടുത്ത മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.
ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന് സീനിയർ ടീമിനെ തന്നെയാണ് ഇറക്കിയിട്ടുള്ളത്.അഡ്രിയാൻ ലൂണയും നോഹ് സദോയിയുമൊക്കെ ഇപ്പോൾ ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നുണ്ട്.അതിന്റെ കാരണം മറ്റൊന്നുമല്ല,ക്ലബ്ബിന്റെ 10 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വിമർശനങ്ങളും പരിഹാസങ്ങളും ക്ലബ്ബിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഈ സീസണിൽ അതിന് വിരാമം കുറിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് കടന്നുവരുന്നത്.
ഡ്യൂറന്റ് കപ്പിന് മുഴുവൻ താരങ്ങളെയും അണിനിരത്തും എന്നത് നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ നിഖിൽ പറഞ്ഞിരുന്നു.ചുരുക്കത്തിൽ കിരീടം തന്നെയാണ് ലക്ഷ്യം.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ ക്വാമെ പെപ്രയും ഇക്കാര്യം ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്നത് ഏത് കോമ്പറ്റീഷനിൽ ആയാലും ആ കിരീടം നേടുക എന്നുള്ളതാണ് ഈ സീസണിലെ തങ്ങളുടെ ലക്ഷ്യം എന്നാണ് പെപ്ര പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് താരമായ നോഹ് സദോയിയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് കിരീടം ആണെങ്കിലും അത് നേടാനുള്ള ഒരു മെന്റാലിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് എന്നായിരുന്നു നോഹ് പറഞ്ഞിരുന്നത്. ചുരുക്കത്തിൽ ഈ സീസണിലെ ലക്ഷ്യങ്ങൾ വളരെ വ്യക്തമാണ്. എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പരമാവധി ശ്രമങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്ലബ്ബ് ഇപ്പോൾ കടന്നുവരുന്നത്.