കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്. ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്ന സൂചനകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. അതിന്റെ ഭാഗമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കിയത്.ആരാധകരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു അത്.
പക്ഷേ ആരാധകരെ ഞെട്ടിപ്പിക്കുന്ന പല മാറ്റങ്ങളും ഇനിയും സംഭവിച്ചേക്കാം എന്നാണ് പല മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നത്.ആരാധകർ ഇഷ്ടപ്പെടുന്ന, ക്ലബ്ബിനകത്ത് തുടരണമെന്ന് ആരാധകർ ആഗ്രഹിക്കുന്ന പല താരങ്ങളും ക്ലബ് വിട്ടേക്കുമെന്നും റൂമറുകൾ ഉണ്ട്. ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോ തന്നെയായിരിക്കും.
അതിനു മുൻപ് മറ്റൊരു നിർണായക മാറ്റം കൂടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി അഥവാ 2018 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ് ഏജൻസിയാണ്. ബ്ലാസ്റ്റേഴ്സിന്റെ വെബ്സൈറ്റും സാമൂഹിക മാധ്യമങ്ങളിലെ ഒഫീഷ്യൽ അക്കൗണ്ടുകളും പോസ്റ്ററുകളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഇവരായിരുന്നു. എന്നാൽ ഇവരുമായുള്ള പാർട്ണർഷിപ്പ് ഇപ്പോൾ ക്ലബ്ബ് അവസാനിപ്പിച്ചിട്ടുണ്ട്.
സില്ലിസ് സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ മികച്ച ഒരു ഏജൻസിയെ ഏൽപ്പിക്കാനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്. അധികം വൈകാതെ തന്നെ ഏജൻസിയെ നിയമിക്കും.അതിനുശേഷമാണ് പല നിർണായകമായ തീരുമാനങ്ങളും മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്യുക.പല താരങ്ങളുടെയും കൊഴിഞ്ഞു പോക്ക് അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചേക്കും.
ഈ മാറ്റം നല്ലൊരു മാറ്റമായി കൊണ്ട് കാണുന്ന ആരാധകരും ഏറെയാണ്. കൂടുതൽ മികച്ച ഒരു ഏജൻസിയെ നിയമിച്ചാൽ മാത്രമേ ഇത് ഫലപ്രദമാവുകയുള്ളൂ.അല്ലാത്തപക്ഷം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നേക്കാം.