ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ചു,മുംബൈ സിറ്റിയുടെ ഏജൻസിയെ കൊണ്ടുവന്ന് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിൽ ഒരു അടിമുടി മാറ്റം ഇനി ഉണ്ടാകുമെന്നുള്ളത് മലയാള മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അവസാനിച്ച സീസണും ക്ലബ്ബിന് നിരാശ മാത്രമായിരുന്നു നൽകിയിരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മാറ്റങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പോലും ക്ലബ്ബ് വിടേണ്ടി വന്നത് അതിന്റെ ഭാഗമായാണ്.
കഴിഞ്ഞ ആറു വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ഏജൻസിയായിരുന്നു മേരകി സ്പോർട്സ് ആൻഡ് എന്റർടൈമെന്റ്. എന്നാൽ അവരുമായുള്ള ആറു വർഷത്തെ ബന്ധം കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിരുന്നു.അത് കുറച്ച് മുന്നേ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ പുതിയ ഏജൻസിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.
Ting എന്ന ഏജൻസിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്.ഇവർ ചില്ലറക്കാരല്ല. ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണ്. കൂടാതെ ചെന്നൈയിൻ എഫ്സിയിലും പ്രവർത്തിക്കുന്നത് ഇവരാണ്.ഈ രണ്ട് ക്ലബ്ബുകൾക്ക് പുറമെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ കൂടി ഇവർ നിയമിക്കപ്പെട്ടിട്ടുള്ളത്.ഐഎസ്എല്ലിന് പുറമേ മറ്റു പല മേഖലകളിലും ഇവർ സജീവമാണ്.
കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് നവോച്ച സിങ്ങിന്റെ കോൺട്രാക്ട് പുതുക്കിയിരുന്നു.അത് അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തിരുന്നു. ഏതായാലും ടിങ് വരുന്നതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ കൂടുതൽ സജീവമാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.