ഒഡീഷയെ തകർക്കാൻ LDF സഖ്യം, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഒരുപാട് മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. നിരവധി തോൽവികൾ വഴങ്ങി. ഒടുവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാൻ സ്വന്തമാക്കി കഴിഞ്ഞു.ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് നടക്കാനുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്സിയാണ്. അവരുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. വരുന്ന 19 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഈ സീസണിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് വിലങ്ങു തടിയായത് പരിക്കുകളായിരുന്നു.സുപ്രധാന താരങ്ങളെ നഷ്ടമായിരുന്നു.അഡ്രിയാൻ ലൂണയെ നഷ്ടമായതു കൊണ്ടായിരുന്നു ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഏതായാലും പരിക്കിന്റെ ആശങ്കകൾ വരുന്ന മത്സരത്തിലും ഉണ്ട്.പക്ഷേ ആ മൂന്നുപേരും ഒരുമിച്ച് ആദ്യമായി ഇറങ്ങും എന്ന ഒരു ശുഭപ്രതീക്ഷയും ആരാധകർ ഉണ്ട്.
LDF കൂട്ടുകെട്ട് എന്നാണ് ആരാധകർ അതിനെ വിളിക്കുന്നത്.അഡ്രിയാൻ ലൂണ അടുത്ത മത്സരത്തിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ ദിമിയുടെ കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്. അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നത് വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു. പക്ഷേ നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ ദിമി തിരിച്ചെത്താൻ തന്നെയാണ് സാധ്യത.
മൂന്നാമത്തെ താരമായ ഫെഡോർ ചെർനിച്ചിന് പരിക്കേറ്റു എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഇറങ്ങിയതോടെ അത് വ്യാജമായിരുന്നു എന്ന് തെളിയുകയായിരുന്നു. ചുരുക്കത്തിൽ ലൂണ-ദിമി-ഫെഡോർ കൂട്ടുകെട്ട് അടുത്ത മത്സരത്തിൽ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്.ദിമിയും ഫെഡോറും സ്ട്രൈക്കർമാരായി കൊണ്ടും ലൂണ അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയിക്കൊണ്ടുമായിരിക്കും ഉണ്ടാവുക.ഈ 3 പേരും ഒരുമിച്ച് കളിക്കുകയാണെങ്കിൽ പ്രതിരോധത്തിൽ ഒരു വിദേശ താരമായിരിക്കും ഉണ്ടാവുക.ഡ്രിൻസിച്ച് കളിക്കുമ്പോൾ ലെസ്ക്കോവിച്ചിന് പുറത്തിരിക്കേണ്ടി വന്നേക്കും.
നിർണായക മത്സരത്തിൽ മുന്നേറ്റ നിരയിൽ ആ മൂന്ന് താരങ്ങളും ഒരുമിച്ച് ഇറങ്ങുകയാണെങ്കിൽ അത് പുത്തൻ അനുഭവമായിരിക്കും. അങ്ങനെയാണെങ്കിൽ ഒഡീഷയെ മറികടക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസവും ആരാധകർക്കുണ്ട്.