പെനാൽറ്റി സേവ്,ഗോളുകൾ,റെഡ് കാർഡ്, സംഭവബഹുലമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.

നിരവധി സംഭവ വികാസങ്ങൾ അരങ്ങേറിയ ബഹുലമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പനൊരു വിജയം സ്വന്തമാക്കിയിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നു.മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകൾ വീതമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. പക്ഷേ കൂടുതൽ അറ്റാക്കുകൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായി. മത്സരത്തിന്റെ 32ആം മിനിറ്റിൽ ഡൈസൂക്കേ സക്കായി കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. വളരെ മനോഹരമായ പാസ് അഡ്രിയാൻ ലൂണ സക്കായിക്ക് നൽകുകയായിരുന്നു. ഒരു പ്രതിരോധനിര താരത്തെ കബളിപ്പിച്ച സക്കായി വളരെ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.ആ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു.

രണ്ടാം പകുതിയിലാണ് നിരവധി സംഭവവികാസങ്ങൾ അരങ്ങേറിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷ് ഒരു ഫൗൾ വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റി കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു. തുടർന്ന് സിൽവ എടുത്ത പെനാൽറ്റി സച്ചിൻ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ഫൗളിനെ തുടർന്ന് വീണ്ടും പെനാൽറ്റി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.സിൽവ തന്നെ റീടൈക്ക് എടുത്തു. പക്ഷേ അതും സച്ചിൻ സുരേഷ് സേവ് ചെയ്തുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. ശേഷം 88ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് ദിമിയിലൂടെ ലീഡ് കണ്ടെത്തുകയായിരുന്നു.

ബംഗാൾ പ്രതിരോധനിര താരങ്ങളുടെ പിഴവിൽ നിന്നും ലഭിച്ച പന്ത് ദിമി വളരെ സുന്ദരമായി കൊണ്ട് തന്നെ ഫിനിഷ് ചെയ്തു. തന്റെ ജേഴ്സി ഊരിക്കൊണ്ടായിരുന്നു ദിമി ഈ ഗോൾ നേട്ടം ആഘോഷിച്ചത്. എന്നാൽ അതിനു മുന്നേ അദ്ദേഹം ഒരു യെല്ലോ കാർഡ് നേടിയിരുന്നു. ജേഴ്‌സി അഴിച്ചതിന് യെല്ലോ കാർഡ് ലഭിച്ചതോടെ ദിമി റെഡ് കാർഡ് വഴങ്ങി പുറത്തേക്ക് പോവുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഈസ്റ്റ് ബംഗാളിന് വീണ്ടും പെനാൽറ്റി ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഹാൻഡ് ബോൾ വഴങ്ങിയതിനെ തുടർന്നായിരുന്നു പെനാൽറ്റി ലഭിച്ചത്.

അത് സിൽവ ഗോളാക്കി മാറ്റി.എന്നിരുന്നാലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ 13 പോയിന്റുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

East Bengal Fcindian Super leagueKerala Blasters
Comments (0)
Add Comment