മെസ്സി സ്റ്റൈൽ ഗോളുമായി ദിമി,മോഹൻ ബഗാനെ അവരുടെ മടയിൽ കയറി തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വീരോചിത കുതിപ്പ് തുടരുകയാണ്.ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പന്ത്രണ്ടാം മത്സരത്തിലും വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. മോഹൻ ബഗാന് എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തല ഉയർത്തി നിൽക്കുന്നത് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ്.

മോഹൻ ബഗാന്റെ മൈതാനത്തായിരുന്നു ഈ മത്സരം നടന്നിരുന്നത്. സെന്റർ ബാക്കുമാരായിക്കൊണ്ട് പതിവ് പോലെ ലെസ്ക്കോയും ഡ്രിൻസിച്ചുമുണ്ടായിരുന്നു. മുന്നേറ്റ നിരയിൽ പെപ്രയും ദിമിയും അണിനിരന്നു. മത്സരത്തിന്റെ തുടക്കം തൊട്ടേ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഗോളിന് വേണ്ടി മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടേയിരുന്നു.

അതിന് ഫലവുമുണ്ടായി.ദിമിയാണ് മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ സ്വന്തമാക്കിയത്. ഒരു മെസ്സി സ്റ്റൈൽ ഗോൾ തന്നെയാണ് അദ്ദേഹത്തിൽ നിന്നും പിറന്നത്. തനിക്ക് ലഭിച്ച ബോളുമായി ദിമി മുന്നേറി.മൂന്ന് പ്രതിരോധനിര താരങ്ങളെ അദ്ദേഹം നിഷ്പ്രഭനാക്കി. എന്നിട്ട് ഒരു ബുള്ളറ്റ് ഷോട്ട് ഉതിർത്തു.അത് മോഹൻ ബഗാന്റെ നെഞ്ചകം തുളച്ചുകയറുകയായിരുന്നു.ലോകോത്തര നിലവാരത്തിലുള്ള ഗോൾ തന്നെയാണ് ദിമി നേടിയിട്ടുള്ളത്.

പിന്നെയും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ തന്നെയാണ് ആദ്യ പകുതിയിൽ കണ്ടത്. നിരവധി മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ചു.ആദ്യപകുതിയിൽ മോഹൻ ബഗാൻ ചിത്രത്തിൽ തന്നെ ഇല്ലായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ കളി മാറി.മോഹൻ ബഗാൻ സമനില ഗോളിന് വേണ്ടി ആഞ്ഞടിച്ചു. കേരള ബ്ലാസ്റ്റേഴ്സ് പിറകിലേക്ക് വലിഞ്ഞു. പിന്നീട് പ്രതിരോധനിര താരങ്ങളായ ലെസ്ക്കോയും ഡ്രിൻസിച്ചും പാറ പോലെ ഉറച്ചുനിൽക്കുകയായിരുന്നു.അതുകൊണ്ടുതന്നെ ഗോൾ നേടാൻ അവർക്ക് കഴിഞ്ഞില്ല. മത്സരത്തിൽ ലീഡ് ഉയർത്താനുള്ള ഒരു സുവർണ്ണാവസരം രാഹുൽ കെപിക്ക് ലഭിച്ചിരുന്നു.ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കാനുള്ള അവസരം അദ്ദേഹം കളഞ്ഞു കുളിക്കുകയായിരുന്നു.

മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ലെസ്ക്കോ തന്നെയാണ് നേടിയിട്ടുള്ളത്.യുവാൻ ഫെറാണ്ടോയുടെ മോഹൻ ബഗാനെ ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത്.അതും അവരുടെ മടയിൽ കയറി വെട്ടുകയാണ് ചെയ്തത്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

DimitriosMohun Bagan Super Giants
Comments (0)
Add Comment