പഞ്ചാബിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്,എന്നിട്ടും ആരാധകർക്ക് നിരാശകൾ ബാക്കി.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പത്താം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയം നേടിയത്. വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്.
ലൂണയുടെ അഭാവത്തിൽ പ്രതിരോധനിരയിൽ രണ്ട് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുകയായിരുന്നു.ഡ്രിൻസിചിനൊപ്പം ലെസ്ക്കോയും ഇന്നത്തെ മത്സരത്തിൽ ഉണ്ടായിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. പക്ഷേ ഗോളുകൾ പിറക്കാത്തത് തിരിച്ചടി ഏൽപ്പിക്കും എന്ന് തോന്നിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറന്നത്. ഫൗളിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ദിമി എടുക്കുകയായിരുന്നു. പിഴവുകൾ ഒന്നും കൂടാതെ അദ്ദേഹം ഗോളാക്കി മാറ്റി. അതിനുശേഷം വിബിന്റെ ഒരു കിടിലൻ ഫ്രീകിക്ക് ഉണ്ടായിരുന്നു.അത് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. അതിനുശേഷം ലെസ്ക്കോയുടെ ഹെഡറും പോസ്റ്റിൽ തട്ടിത്തെറിച്ചു. മത്സരത്തിന്റെ അവസാനത്തിൽ പഞ്ചാബ് സമനിലക്ക് വേണ്ടി ശ്രമിച്ചുവെങ്കിലും ഗോൾകീപ്പർ സച്ചിനും പ്രതിരോധനിരയും ഒരുമിച്ച് ചേർന്നുകൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ഈ സീസണിലെ ആറാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. എന്നാൽ ഈ മത്സരത്തിൽ ആരാധകർക്ക് ഒരുപാട് നിരാശകൾ ഉണ്ട്. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോളുകൾ നേടാനാവാത്തത് തന്നെയാണ് നിരാശ നൽകുന്ന കാര്യം.പെപ്ര തന്റെ മോശം ഫോം തുടരുകയാണ്. അദ്ദേഹത്തിന് അവസരങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനായി എന്ന അഭിപ്രായങ്ങൾ പോരും ഉയരുന്നുണ്ട്. സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന രാഹുലും മോശം പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും ലൂണയുടെ അഭാവത്തിലും വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടാൻ കഴിഞ്ഞു സന്തോഷകരമായ കാര്യമാണ്.
പഞ്ചാബ് നിലവിൽ പതിനൊന്നാം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. 10 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റ് മാത്രമാണ് അവർക്കുള്ളത്. ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മുംബൈ സിറ്റിക്കെതിരെയാണ്.സ്വന്തം മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം കളിക്കുക.