പൊളിച്ചടുക്കി പെപ്രയും കൂട്ടരും,എതിരാളികളെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി.
കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നുന്ന പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. ഇരട്ട ഗോളുകൾ നേടിയ പെപ്ര തന്റെ കരുത്ത് കാണിക്കുകയായിരുന്നു.
പ്രതിരോധത്തിൽ ലെസ്ക്കോവിച്ചിന് പരിശീലകൻ വുക്മനോവിച്ച് വിശ്രമം അനുവദിക്കുകയായിരുന്നു. പകരം ഹോർമി എത്തി. അതേസമയം ഡൈസുകെ സക്കായി സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തി.പെപ്ര,ദിമി എന്നിവരോടൊപ്പം മുന്നേറ്റത്തിൽ ഐമനും ഉണ്ടായിരുന്നു. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വേട്ട ആരംഭിച്ചു.പെപ്രയാണ് ഗോൾ നേടിയത്.
ദിമിയുടെ കിടിലൻ പാസ് വളരെ മനോഹരമായി കൊണ്ട് പെപ്ര ഫിനിഷ് ചെയ്യുകയായിരുന്നു. അധികം വൈകാതെ പെപ്ര മറ്റൊരു ഗോൾ കൂടി കണ്ടെത്തി.പ്രബീർ ദാസിന്റെ ക്രോസ് എതിർ താരത്തിന്റെ കാലിൽ തട്ടിയെങ്കിലും കറക്റ്റായി തന്നിലേക്ക് എത്തിയ ബോൾ പെപ്ര ഫിനിഷ് ചെയ്യുകയായിരുന്നു.ചെസ്റ്റ് കൊണ്ടാണ് അദ്ദേഹം ഗോൾ നേടിയത്. അപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പിടി മുറുക്കിയിരുന്നു.
എന്നാൽ ഉടൻതന്നെ ഷില്ലോങ് ഒരു ഗോൾ മടക്കി. പന്തുമായി മുന്നേറിയ എതിർ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് ഫൗൾ ചെയ്ത് വീഴ്ത്തി. അതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി റെനാൻ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ആദ്യപകുതി അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.
പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തുകയായിരുന്നു.സക്കായുടെ ക്രോസ് ഐമൻ ഒരു കിടിലൻ ഹെഡറിലൂടെ ഗോളാക്കി മാറ്റി. മത്സരത്തിന്റെ 47ആം മിനിട്ടിലായിരുന്നു ഇത്. തുടർന്നും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. അങ്ങനെ അർഹിച്ച വിജയം സ്വന്തമാക്കി 3 പോയിന്റുകൾ കേരള ബ്ലാസ്റ്റേഴ്സ് കൈകലാക്കുകയായിരുന്നു.
നിലവിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നോർത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂർ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ മറ്റുള്ള എതിരാളികൾ ഇവരൊക്കെയാണ്.