ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ബംഗളൂരു എഫ്സിയാണ്. നാളെ രാത്രി 7:30നാണ് ഈയൊരു മത്സരം നടക്കുക. ബംഗളൂരുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.എന്നാൽ ഈ മത്സരത്തിന് മുന്നേ തന്നെ സോഷ്യൽ മീഡിയ യുദ്ധം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ വളരെ ആവേശത്തോടുകൂടി കാണുന്ന ഒരു മത്സരം കൂടിയാണിത്.മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് ആരാധകരും ബംഗളൂരുവിന്റെ സ്റ്റേഡിയം കീഴടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് കൃത്യമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അതായത് പല ടീമുകളും എവേ ഫാൻസ് വരുന്നത് തടയാൻ വേണ്ടി ടിക്കറ്റ് വില വർദ്ധിപ്പിക്കാറുണ്ട് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.അത് ഒഴിവാക്കണമെന്നും എല്ലാ സ്റ്റേഡിയങ്ങളും ആരാധകരാൽ നിറയണമെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വലിയ ആരാധക കൂട്ടം തന്നെ ഈ മത്സരം കാണാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ പല സ്ഥലങ്ങളിലും എവേ ഫാൻസ് വരുന്നത് തടയാൻ വേണ്ടി ടിക്കറ്റ് വില വർദ്ധിപ്പിക്കാറാണ് ഹോം ടീമുകൾ ചെയ്യാറുള്ളത്.അത് ഭ്രാന്തമായ തീരുമാനമാണ്.ഫുട്ബോൾ എന്നുള്ളത് ആരാധകർക്ക് വേണ്ടി കളിക്കുന്ന ഒന്നാണ്. എപ്പോഴും ഫുൾ ക്രൗഡ് സ്റ്റേഡിയത്തിൽ ഉണ്ടായിരിക്കണം,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നാളെത്തെ മത്സരത്തിന് കൂടുതൽ ഫാൻസ് ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബ്ലാസ്റ്റേഴ്സ് ഫാൻസും ബംഗളൂരു ഫാൻസും സോഷ്യൽ മീഡിയയിൽ പോര് സജീവമാണ്.ഈ സീസണിൽ മോശം പ്രകടനമാണ് ബംഗളൂരു നടത്തിക്കൊണ്ടിരിക്കുന്നത്.പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് അവർ ഉള്ളത്.