ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത 7 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 6 ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പാക്കിയിരുന്നു. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.
ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ കളിക്കുക. സൂപ്പർ താരങ്ങളായ നോഹ് സദോയി,അഡ്രിയാൻ ലൂണ,പെപ്ര എന്നിവരെയൊക്കെ അണിനിരത്തികൊണ്ടുതന്നെയാണ് സ്റ്റാറേ ഫസ്റ്റ് ഇലവൻ പ്രഖ്യാപിച്ചത്.മത്സരത്തിന്റെ തുടക്കം തൊട്ടേ കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ നേടിക്കൊണ്ടിരുന്നു. ആറാം മിനിറ്റിൽ പെപ്രയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്കോറിങ് ആരംഭിച്ചത്.
പിന്നീട് ഗോൾമഴ പെയ്യുകയായിരുന്നു. മത്സരത്തിൽ നോഹ് സദോയി ഹാട്രിക്ക് സ്വന്തമാക്കി. അതേസമയം ഐമൻ,അസ്ഹർ,പെപ്ര,നവോച്ച എന്നിവർ ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. അസിസ്റ്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പെപ്രയും നോഹും തന്നെയാണ് തിളങ്ങിയിട്ടുള്ളത്.3 അസിസ്റ്റുകൾ പെപ്ര നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ നോഹ് സ്വന്തമാക്കി.അഡ്രിയാൻ ലൂണ,ഐമൻ എന്നിവർ ഓരോ അസിസ്റ്റുകളും സ്വന്തമാക്കി. അങ്ങനെ ടീം ഒന്നടങ്കം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ഡിഫറൻസ് പ്ലസ് 15 ആണ്.ഇത് പഞ്ചാബ് മറികടക്കാൻ യാതൊരുവിധ സാധ്യതകളും ഇല്ല. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചേക്കും. ഇനി ആരാധകർ ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.ആദ്യ മത്സരത്തിൽ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങുകയായിരുന്നു.