കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വാഗ്ദാനങ്ങളിൽ ഒരാളാണ് ബികാഷ് സിംഗ്. 23 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സ് താരമാണെങ്കിലും കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു.കിട്ടുന്ന അവസരങ്ങൾ എല്ലാം മുതലെടുക്കാൻ ഈ യുവ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.
മുഹമ്മദൻ എസ്സി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇപ്പോൾ പ്രമോഷൻ നേടി കഴിഞ്ഞു.ബികാഷ് സിംഗിന്റെ ലോൺ കാലാവധി പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.ഇതിനടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു റൂമർ ഇന്നലെ പുറത്തുവന്നിരുന്നു. അതായത് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ വീണ്ടും കൈവിടുകയാണ് എന്നായിരുന്നു റിപ്പോർട്ട്. ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ട്, ഒരു വർഷത്തേക്ക് ലോണിൽ അദ്ദേഹത്തെ സ്വന്തമാക്കാനാണ് പ്ലാൻ എന്നൊക്കെയാണ് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇതിലെ സത്യാവസ്ഥ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.മികച്ച പ്രകടനം നടത്തിയ താരത്തെ കൈവിടാൻ ക്ലബ് തയ്യാറല്ല.പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ബികാഷ് സിങ്ങും ഉണ്ടാകും.അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം.
അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോച്ചിംഗ് സ്റ്റാഫ് ഭാവിയുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.കോൺട്രാക്ട് പുതുക്കാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറിൽ അവശേഷിക്കുന്നുണ്ട്.വേണമെങ്കിൽ അത് ഉപയോഗപ്പെടുത്താനും ബ്ലാസ്റ്റേഴ്സ് തയ്യാറാണ്. ഭാവി വാഗ്ദാനമായ ഇദ്ദേഹത്തെ ക്ലബ്ബ് കൈവിടില്ല എന്ന് തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.