രണ്ട് വർഷത്തിനുള്ളിൽ ആ ഫെസിലിറ്റി നിർമ്മിച്ചിരിക്കും: ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഉടമ നിഖിൽ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള ഒരു സമയമാണിത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. മാത്രമല്ല പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ഇതെല്ലാം ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് ആരാധകരെ സങ്കടപ്പെടുത്തിയിരുന്നു.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബി കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് ഹോൾഡർമാരുമായി ഒരു സൂം മീറ്റിംഗ് നടത്തിയിരുന്നു.സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസും പങ്കെടുത്തിരുന്നു. പല കാര്യങ്ങളും അവർ ചർച്ച ചെയ്തിട്ടുണ്ട്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഫെസിലിറ്റിയെ കുറിച്ചായിരുന്നു.
നിലവിൽ പനമ്പിള്ളി നഗറിലുള്ള ട്രെയിനിങ് ഗ്രൗണ്ടാണ് ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അവിടെ ഒരുപാട് പരിമിതികൾ ഉണ്ട്.അതുകൊണ്ടുതന്നെ ഒരു ട്രെയിനിങ് ഗ്രൗണ്ട് ബ്ലാസ്റ്റേഴ്സിന് മാത്രമായി നിർമ്മിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അത് പൂർത്തിയാകും എന്നുള്ള ഒരു ഉറപ്പും നിഖിൽ നൽകിയിട്ടുണ്ട്.കൂടുതൽ മികച്ച രൂപത്തിലേക്ക് മാറാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത്.നിഖിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
ഒരു ട്രെയിനിങ് ഗ്രൗണ്ട് നിർമ്മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആണ് ഇപ്പോൾ പ്രയോറിറ്റി നൽകുന്നത്. അടുത്ത 18-24 മാസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രണ്ട് വർഷത്തിനുള്ളിൽ നിങ്ങൾക്ക് അത് പ്രതീക്ഷിക്കാം.കഴിഞ്ഞ കുറെ വർഷമായി നമ്മൾ ഈ ട്രെയിനിങ് ഗ്രൗണ്ട് ഉപയോഗിക്കുന്നു.പക്ഷേ അവിടെ പരിമിതികൾ ഉണ്ട്. അത് പൂർണ്ണമായും നമ്മുടെ ഉപയോഗത്തിന് യോജിച്ചതല്ല, ഇതാണ് ക്ലബ്ബിന്റെ ഡയറക്ടർ ആയ നിഖിൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും കൊച്ചിയിൽ തന്നെ പുതിയ,വിശാലമായ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് നിർമ്മിച്ചേക്കും. ടീമിന് അടുത്ത സീസണിലേക്ക് കൂടുതൽ മികച്ച രൂപത്തിൽ മാറാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പക്ഷേ ലൂണ,ഡിമി എന്നിവർ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.