ബ്ലാസ്റ്റേഴ്സിൽ നടക്കുന്നത് വൻ അഴിച്ചുപണി തന്നെ,4 പൊസിഷനുകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ച് ക്ലബ്!
പതിവുപോലെ മറ്റൊരു നിരാശാജനകമായ സീസണാണ് ബ്ലാസ്റ്റേഴ്സിന് ഇത്തവണയും കടന്നുപോയിട്ടുള്ളത്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തി ആരാധകർക്ക് വലിയ പ്രതീക്ഷകൾ സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.മോഹൻ ബഗാൻ,മുംബൈ എന്നിവരെപ്പോലെയുള്ള കരുത്തരായ ടീമുകളെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.പക്ഷേ രണ്ടാംഘട്ടത്തിൽ കഥ മാറി.
പ്ലേ ഓഫിൽ പ്രവേശിച്ചുവെങ്കിലും അവിടെ പുറത്താവുകയായിരുന്നു. ഇത്തവണയും കിരീടങ്ങൾ നേടാനാവാത്ത ഒരു സീസൺ തന്നെയാണ് ആരാധകരെ കാത്തിരുന്നത്. പിന്നാലെ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിയുകയും ചെയ്തു. പുതിയ പരിശീലകന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുള്ളത്.
വലിയ അഴിച്ചു പണി ബ്ലാസ്റ്റേഴ്സ് നടത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഏതായാലും ഏതൊക്കെ പൊസിഷനുകളിലാണ് മാറ്റങ്ങൾ വരിക എന്നതിന്റെ സൂചനകൾ ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. പ്രധാനമായും നാല് പൊസിഷൻ ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് സെന്റർ ബാക്ക് പൊസിഷൻ തന്നെയാണ്. ക്ലബ്ബ് വിട്ടുപോകുന്ന ലെസ്ക്കോക്ക് പകരം ഒരു വിദേശ സെന്റർ ബാക്കിനെ എന്തായാലും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും. അതുകൂടാതെ ഒരു ഇന്ത്യൻ സെന്റർ ബാക്കിനെ കൂടി എത്തിക്കാനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്.
അടുത്ത പൊസിഷൻ സെൻട്രൽ മിഡ്‌ഫീൽഡർ പൊസിഷനാണ്. ഒരു മികച്ച ഇന്ത്യൻ താരത്തെ ആഡ് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു വിങറെ എത്തിക്കാനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിലെ വിങ്ങർമാരിൽ പലരും മോശം പ്രകടനമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.ഇന്ത്യൻ വിങർമാരിൽ ഏറ്റവും മികച്ച ഒരു താരത്തെ എത്തിക്കുക എന്നുള്ളത് തന്നെയാണ് ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്ഷ്യം. മറ്റൊരു പൊസിഷൻ ഗോൾ കീപ്പിങ്ങാണ്.
രണ്ട് ഗോൾകീപ്പർമാർ ക്ലബ്ബ് വിട്ട് പുറത്ത് പോവുകയാണ്. പകരം രണ്ട് കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഐ ലീഗിൽ നിന്ന് ഒരാളും ഐഎസ്എല്ലിൽ നിന്ന് ഒരാളും എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.ഏതായാലും മികച്ച ഡൊമസ്റ്റിക് താരങ്ങളെ ഈ പൊസിഷനുകളിലേക്ക് എത്തിച്ചുകൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.