പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കുകയാണ്.സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ആദ്യമത്സരം അരങ്ങേറുന്നത്. കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ആകെ 13 ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം വരുന്നത് പഞ്ചാബിനെതിരെയാണ്.
കഴിഞ്ഞ 10 സീസണുകളിലും പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരുതവണ പോലും കിരീടം നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ഫൈനലുകളിൽ എത്തിയിട്ടുണ്ടെങ്കിലും ആ മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇത്തവണയെങ്കിലും കിരീട ദാഹം തീർക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ക്ലീൻ ഷീറ്റുകളുമായി ബന്ധപ്പെട്ട ചില കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ക്ലീൻ ഷീറ്റിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് കരുത്തരാണ് എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ള രണ്ടാമത്തെ ക്ലബ്ബ് അത് കേരള ബ്ലാസ്റ്റേഴ്സാണ്.ഗോവക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനം പങ്കിടുന്നത്.
ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ള ക്ലബ്ബ് മുംബൈ സിറ്റിയാണ്.66 ക്ലീൻ ഷീറ്റുകളാണ് അവർക്ക് ഉള്ളത്. രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സും ഗോവയും വരുന്നു.48 ക്ലീൻ ഷീറ്റുകൾ ആണ് ഈ രണ്ടു ക്ലബ്ബുകളും നേടിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ഒട്ടും മോശമല്ല എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
ഇത്തവണ മികച്ച ഒരു ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് അവകാശപ്പെടാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.സച്ചിൻ സുരേഷിന് പുറമേ സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്.ഈ മൂന്നുപേരും മികച്ച താരങ്ങളാണ്. നാലാമനായി അർബാസ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ ലോണിൽ ക്ലബ് പറഞ്ഞു വിടുകയായിരുന്നു.