കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സൂപ്പർ കപ്പ് മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജംഷെഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു. ക്ലബ്ബിന്റെ ആ കിരീട പ്രതീക്ഷയും അവിടെ അവസാനിച്ചു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ച തുടരുകയാണ്. സൂപ്പർ കപ്പിന് ഗൗരവത്തോടുകൂടി വുക്മനോവിച്ച് എടുത്തില്ല എന്ന ആരോപണം വളരെ ശക്തമാണ്. മാത്രമല്ല ക്ലബ്ബിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പുറത്താക്കണമെന്ന് ചില ബ്ലാസ്റ്റേഴ്സ് ഫാൻസ് എക്‌സിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അഭിപ്രായങ്ങളും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.
എന്നാൽ ഭൂരിഭാഗം പേരും ഇവാൻ വുക്മനോവിച്ചിനെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഇവാൻ വുക്മനോവിച്ചിനെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന ആരാധകർ മറക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് ഒരു ആരാധകൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സാണ്. അത് മറന്നുപോകരുത്.
ലൂണയെ പരിക്ക് മൂലം നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.വിബിനും ജീക്സണും ഫ്രഡിയും ഐബനും പരിക്കു മൂലം പുറത്താണ്.പ്രീതവും രാഹുലും ഇഷാനും ദേശീയ ടീമിനോടൊപ്പം ആണ്. ഇത്രയധികം താരങ്ങളെ നഷ്ടമായ മറ്റേതെങ്കിലും ടീം ഇവിടെയുണ്ടോ?ഇതാണ് ഒരു ആരാധകൻ ചോദിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ഒരു തുടക്കം തന്നെയാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ വുക്മനോവിച്ചിന് ലഭിച്ചിട്ടുള്ളത്.അതും വിസ്മരിക്കാൻ പാടില്ല.
12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.രണ്ട് സമനിലയും രണ്ട് തോൽവിയും ആണ് വഴങ്ങിയിട്ടുള്ളത്. പല പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ടാണ് ഇത്രയധികം വിജയങ്ങൾ നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരൊറ്റ തോൽവി കൊണ്ട് പരിശീലകൻ എഴുതി തള്ളേണ്ടതില്ല എന്ന് തന്നെയാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. പക്ഷേ ഈ സീസണിൽ ഒരു കിരീടമെങ്കിലും നേടിയിട്ടില്ലെങ്കിൽ അത് വുക്മനോവിച്ചിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.