ഇവാൻ പടിയിറങ്ങുന്നത് വെറുമൊരു പരിശീലകനായി കൊണ്ടല്ല,ചരിത്രം തിരുത്തിയെഴുതിയ കോച്ചായി കൊണ്ടാണ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ നടത്തിയത്.മൂന്ന് വർഷത്തെ സേവനത്തിനു ശേഷമാണ് ഇപ്പോൾ ഇവാൻ ക്ലബ് വിടുന്നത്.ഈ മൂന്ന് വർഷവും മോശമല്ലാത്ത രൂപത്തിൽ ബ്ലാസ്റ്റേഴ്സ് ഈ പരിശീലകന് കീഴിൽ കളിച്ചിട്ടുണ്ട്.
ഈ സീസണിൽ തുടക്കത്തിൽ തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. എന്നാൽ സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റത് വലിയ തിരിച്ചടിയായി.അങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മങ്ങിയത്.മൂന്ന് വർഷക്കാലം പരിശീലിപ്പിച്ചിട്ടും ഒരു കിരീടം പോലും നേടിക്കൊടുക്കാനായില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ പടിയിറങ്ങേണ്ടി വന്നതും.
പക്ഷേ കേവലം വെറുമൊരു പരിശീലകനായി കൊണ്ടല്ല അദ്ദേഹം ക്ലബ്ബ് വിടുന്നത്. മറിച്ച് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം തിരുത്തി എഴുതിയ,ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായി കൊണ്ടാണ് ക്ലബ് വിടുന്നത്.അത് തെളിയിക്കുന്ന കണക്കുകളാണ് നമ്മുടെ മുന്നിലുള്ളത്.3 സീസണുകളാണ് ഇദ്ദേഹം ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്. 3 സീസണുകളിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ വുക്മനോവിച്ചിന് സാധിച്ചിട്ടുണ്ട്.ഒരു തവണ ഫൈനലിൽ എത്തിക്കുകയും ചെയ്തു.
ആകെ 67 മത്സരങ്ങളിലാണ് ഇദ്ദേഹം ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്.അതിൽ നിന്ന് 30 വിജയങ്ങൾ നേടാനായി. 13 സമനിലകളും 24 തോൽവികളും വഴങ്ങേണ്ടി വന്നു. 98 ഗോളുകളാണ് ആകെ ഇദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. 44.8% വിജയശതമാനം ഉണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം ഉള്ള പരിശീലകൻ ആണ് വുക്മനോവിച്ച്.
ഐഎസ്എൽ ചരിത്രത്തിൽ ക്ലബ്ബിനെ ഏറ്റവും കൂടുതൽ പരിശീലിപ്പിച്ച പരിശീലകൻ എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. ഓരോ മത്സരത്തിലും ശരാശരി 1.58 പോയിന്റുകൾ നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഏറ്റവും ഉയർന്ന ശരാശരിയും ഇതുതന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പരിശീലകനും ഇദ്ദേഹം തന്നെയാണ്.ഇങ്ങനെ അനവധി കണക്കുകൾ അദ്ദേഹത്തിന് അവകാശപ്പെടാൻ സാധിക്കും.
മികച്ച ഒരു പരിശീലകനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നത്.അദ്ദേഹത്തെ കൈവിടാനുള്ള തീരുമാനം മണ്ടത്തരമായോ അതല്ലെങ്കിൽ ശരിയായോ എന്നുള്ളത് വരുന്ന സീസണാണ് തീരുമാനിക്കുക.