ആരാധകരാണ് എന്നെ ഇവിടെ എത്തിച്ചത്,നമുക്ക് എതിരാളികൾക്ക് ഇവിടെ കഠിനമാക്കാം:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മിക്കയേൽ സ്റ്റാറെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നു കഴിഞ്ഞു. നിലവിൽ അദ്ദേഹം വെക്കേഷനിലാണ് ഉള്ളത്. അടുത്ത മാസം അദ്ദേഹം കേരളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് യൂറോപ്പിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വളരെയധികം ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിന് വിരാമം കുറിക്കുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും സ്റ്റാറെ വരുന്നത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറെ ലൈവിൽ വന്നിരുന്നു.ഇറാനി ഖാൻ ആയിരുന്നു അത് ഹോസ്റ്റ് ചെയ്തിരുന്നത്.
എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തത് എന്ന ചോദ്യം അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന്റെ പ്രധാന കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ തന്നെയാണ്. ക്ലബ്ബിനുള്ള പിന്തുണ ആരാധകരോട് തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി സ്റ്റേഡിയം എതിരാളികൾക്ക് കഠിനമാക്കാം എന്നും സ്റ്റാറെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഇവിടുത്തെ ആരാധകരാണ് ഈ ക്ലബ്ബിൽ എന്നെ എത്തിച്ചിട്ടുള്ളത്. എനിക്ക് ആരാധകരോട് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്.ഈ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്നത് തുടരുക.ഇനിയും മുന്നോട്ടുപോവുക. നമ്മുടെ സ്റ്റേഡിയത്തിലേക്ക് കടന്നുവരുന്ന എതിരാളികൾക്ക് കാര്യങ്ങൾ നമുക്ക് കഠിനമാക്കി കൊടുക്കാം,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഹോം മത്സരങ്ങളിൽ ആരാധകരുടെ പിന്തുണയോടുകൂടി എപ്പോഴും വിജയിച്ച് കയറുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ എവേ മത്സരങ്ങളിലാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സിന് കാലിടറാറുള്ളത്.മാത്രമല്ല സീസണിന്റെ തുടക്കത്തിൽ നടത്തുന്ന മികച്ച പ്രകടനം പിന്നീട് തുടരാനും കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറില്ല. ഇതിനൊക്കെ പരിഹാരം കാണുക എന്ന വെല്ലുവിളിയും ഈ പരിശീലകന് മുന്നിലുണ്ട്.