കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാനുണ്ടായ കാരണം എല്ലാവർക്കുമറിയാം.ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ പകരക്കാരൻ എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. വലിയ ഹൈപ്പോട് കൂടിയാണ് ചെർനിച്ച് വന്നതെങ്കിലും ആ ഹൈപ്പിനോട് നീതിപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
കേവലം രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് ക്ലബ്ബിന് വേണ്ടി നേടാൻ കഴിഞ്ഞത്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.ഇതോടെ ചെർനിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങി. അവിടുത്തെ ക്ലബ്ബിലാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.
തനിക്ക് തിളങ്ങാൻ കഴിയാത്തതിന്റെ കാരണം ചെർനിച്ച് വെളിപ്പെടുത്തിയിരുന്നു.കാലാവസ്ഥ തന്നെയായിരുന്നു പ്രധാന തടസ്സം. യൂറോപ്പിലെ തണുപ്പേറിയ അന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹം ചൂട് വളരെയധികം ഉള്ള ഇന്ത്യയിലേക്ക് വന്നത്. ഇത് അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഇവിടത്തെ ചൂട് തനിക്കൊരു തടസ്സമായി എന്ന് ചെർനിച്ച് പറഞ്ഞിരുന്നു.
അടുത്ത സീസണൽ അവസരം കിട്ടിയാൽ തനിക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൈവിട്ടു.ചെർനിച്ചിന് സംഭവിച്ചത് കോയെഫിനും സംഭവിക്കുമോ എന്ന പേടി ആരാധകർക്കുണ്ട്. യൂറോപ്പിൽ നിന്ന് തന്നെയാണ് ഈ ഡിഫൻഡറും വരുന്നത്.ഇന്ത്യൻ കാലാവസ്ഥയോടെ പൊരുത്തപ്പെടുക എന്നുള്ളത് വലിയ വെല്ലുവിളിയാണ്. ഇവിടത്തെ ചൂടിനോടും ഹ്യൂമിഡിറ്റിയോടും ഇണങ്ങി ചേരാൻ വല്ലാത്ത ബുദ്ധിമുട്ടും. മാത്രമല്ല ആദ്യമായിട്ടാണ് യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബിന് വേണ്ടി കോയെഫ് കളിക്കുന്നത്.
അത് ഒരുപക്ഷേ അദ്ദേഹത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. കൂടാതെ എവേ മത്സരങ്ങൾക്ക് വേണ്ടിയുള്ള യാത്രയും ഒരു വലിയ വെല്ലുവിളിയാണ്. ശരാശരി 2500 കിലോമീറ്റർ എങ്കിലും എവേ മത്സരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ സഞ്ചരിക്കേണ്ടതുണ്ട്.ഇതൊന്നും അവർക്ക് പരിചയമില്ലാത്ത ഒന്നായിരിക്കും. ചുരുക്കത്തിൽ ഇന്ത്യൻ സാഹചര്യങ്ങളോട് അഡാപ്റ്റാവുക എന്നത് തന്നെയാണ് കോയെഫിന് മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി.