കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. പത്ത് വർഷം പിന്നിട്ടിട്ടും ഇതുവരെ ക്ലബ്ബിന് ഒരു കിരീടം പോലും ലഭിക്കാത്തതിൽ ആരാധകർ വളരെ നിരാശരാണ്. ആരാധകരുടെ പ്രിയപ്പെട്ട വുക്മനോവിച്ച് ക്ലബ്ബ് വിട്ടിട്ടുണ്ട്. കൂടാതെ ലൂണയും ദിമിയുമൊക്കെ ക്ലബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്.
അതുകൊണ്ടുതന്നെ ആരാധകർ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. അതായത് ഐ ലീഗ് ക്ലബായ ഐസ്വാൾ എഫ്സിയിൽ നിന്നും ഒരു യുവ സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അമാവിയ റെന്റ്ലേ എന്ന ലാൽതൻമാവിയയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു എന്നുള്ള വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.ഇപ്പോൾ ആ ഡീൽ പൂർത്തിയായി എന്നാണ് അറിയാൻ സാധിക്കുന്നത്.22 വയസ്സുള്ള താരം ലെഫ്റ്റ് വിങ്ങിലാണ് കളിക്കുന്നത്.ഐ ലീഗിൽ 19 മത്സരങ്ങൾ ഈ സീസണിൽ കളിച്ചതാരം രണ്ട് ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ആകെ അഞ്ചുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. മൂന്ന് വർഷത്തെ കരാറിനൊപ്പം രണ്ട് വർഷത്തേക്ക് കോൺട്രാക്ട് നീട്ടാനുള്ള ഓപ്ഷൻ കൂടി ലഭ്യമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. അതിനർത്ഥം ക്ലബ്ബിന് ട്രാൻസ്ഫർ ഫീ മുടക്കേണ്ടതില്ല എന്നതാണ്.പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.അതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.