കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ബിസി സമ്മർ ട്രാൻസ്ഫർ വിൻഡോയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ ട്രാൻസ്ഫർ ജാലകം ഇന്നലെ തുറന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇനി സൈനിങ്ങുകൾ ഒഫീഷ്യൽ ആയികൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപാട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തിയതായി മെർഗുലാവോ അടക്കമുള്ളവർ സ്ഥിരീകരിച്ചിരുന്നു. അതിന്റെയൊക്കെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇനി വരാനുള്ളത്.
ഏറ്റവും പ്രധാനപ്പെട്ട താരം നൂഹ് സദൂയിയാണ്.അദ്ദേഹത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ആദ്യം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസ്, ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾകീപ്പർ സോം കുമാർ എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തിലും ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും.
കൂടാതെ ഐസ്വാൾ എഫ്സിയുടെ തന്നെ മറ്റൊരു താരമായ അമാവിയയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.ഇതിലും ഒഫീഷ്യൽ പ്രഖ്യാപനം വന്നേക്കും. ഇതിനൊക്കെ പുറമേ മറ്റൊരു ഇന്ത്യൻ താരത്തെ കൂടി ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നതായി റിപോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മാബം രാകേഷിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. അഞ്ചുവർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്.
കേവലം 21 വയസ്സ് മാത്രം ഉള്ള ഈ താരം നെരോക്ക് എഫ്സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അവിടെനിന്നാണ് ക്ലബ്ബ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.താൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ കാര്യം ഈ താരം തന്നെ ഇപ്പോൾ ശരിവെച്ചിട്ടുണ്ട്.അതായത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇദ്ദേഹം ഷെയർ ചെയ്യുകയായിരുന്നു. ഇതോടെ രാകേഷ് ബ്ലാസ്റ്റേഴ്സ് താരമായി എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതുവരെ ക്ലബ്ബ് വിട്ട താരങ്ങളുടെ ഒഫീഷ്യൽ പ്രഖ്യാപനങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്.മാത്രമല്ല പരിശീലകരെ കൊണ്ടുവന്ന കാര്യവും സ്ഥിരീകരിച്ചിരുന്നു. ഇനിയിപ്പോ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകളിലേക്ക് കടക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.