തോറ്റു പുറത്തായി,എന്നാൽ കൊൽക്കത്ത വിട്ട് വരേണ്ടതില്ലെന്ന് തീരുമാനിച്ച് ബ്ലാസ്റ്റേഴ്സ്!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബദ്ധവൈരികളായ ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിന്റെ കന്നി കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് അതേസമയം മോഹൻ ബഗാനും ബംഗളൂരു എഫ്സിയും തമ്മിലാണ് സെമിയിൽ ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിലായിരുന്നു പ്രീ സീസൺ നടത്തിയിരുന്നത്. നിലവിൽ കൊൽക്കത്തയിലാണ് ഡ്യൂറൻഡ് കപ്പ് കളിച്ചുകൊണ്ടിരുന്നത്. പരാജയപ്പെട്ട് പുറത്തായെങ്കിലും കേരളത്തിലേക്ക് മടങ്ങിവരാൻ ഇപ്പോൾ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

അതായത് ബ്ലാസ്റ്റേഴ്സ് ഇതുവരെ ട്രെയിനിങ് നടത്തിയിരുന്നത് പനമ്പിള്ളി നഗറിലെ മൈതാനത്ത് വച്ചു കൊണ്ടായിരുന്നു. ഇത് സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബുകൾ ഏറ്റെടുത്തിട്ടുണ്ട്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ ട്രെയിനിങ് ഫെസിലിറ്റി കൊച്ചിയിൽ തന്നെ ഉണ്ടാക്കുന്നുണ്ട്. അതിന്റെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

നിലവിൽ കൊച്ചിയിലേക്ക് വന്നിട്ട് കാര്യമില്ല.എന്തെന്നാൽ ട്രെയിനിങ് ഗ്രൗണ്ട് ഇവിടെ ലഭ്യമല്ല.അതുകൊണ്ടുതന്നെ കൊൽക്കത്തയിൽ തുടരാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. അവിടെ ട്രെയിനിങ് തുടരും. കൊൽക്കത്തയിലെ ക്ലബ്ബുകൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലേക്ക് കൂടി ബ്ലാസ്റ്റേഴ്സ് പ്രീ സീസണിന് വേണ്ടി പോകുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

ഏതായാലും ആരാധകർ വലിയ പ്രതിഷേധങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഉയർത്തുന്നത്.കേരള ബ്ലാസ്റ്റേഴ്സ് മനം മടുപ്പിക്കുന്നു എന്നാണ് ആരാധകർ ആരോപിക്കുന്നത്. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ വലിയ വിമർശനങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ഉന്നയിക്കുന്നത്.

Kerala Blasters
Comments (0)
Add Comment