കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്.പ്ലേ ഓഫ് മത്സരത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന 19 ആം തീയതി ഒഡീഷക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ക്ലബ്ബിന്റെ സമീപകാലത്തെ പ്രകടനം ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന ഒന്നല്ല.
ഈ സീസണിന് ശേഷം കാര്യമായ അഴിച്ചു പണികൾ ക്ലബ്ബിനകത്ത് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല താരങ്ങളും ക്ലബ്ബ് വിട്ടേക്കുമെന്ന റൂമറുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു.അക്കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി എത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായ ഡാനിഷ് ഫറൂഖിനെ സ്വന്തമാക്കാൻ വേണ്ടി മറ്റൊരു ഐഎസ്എൽ ക്ലബ്ബ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.
ചെന്നൈയിൻ എഫ്സിക്കാണ് സ്വന്തമാക്കാൻ ഇപ്പോൾ താല്പര്യം ഉള്ളത്. 27 കാരനായ താരവുമായി അവർ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡറെ കൈവിടാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന ഒരുപാട് ആരാധകർ സജീവമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഈ സീസണിൽ ഏറെ ഉപയോഗപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഡാനിഷ്.സീസണിന്റെ അവസാനത്തിൽ ടീമിന്റെ പ്രകടനം പോലെ തന്നെ അദ്ദേഹത്തിന്റെ പ്രകടനവും മോശമായിരുന്നു. 19 ഐഎസ്എൽ മത്സരങ്ങൾ കളിച്ചു താരം രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മധ്യനിരയിൽ ക്രിയേറ്റീവ് ആയി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന വിമർശനം താരത്തിന് ഏറെ നേരിടേണ്ടി വന്നിരുന്നു.
2023 ജനുവരി മുതലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി തുടങ്ങിയത്. നേരത്തെ ബംഗളൂരു എഫ്സിക്ക് വേണ്ടിയും റിയൽ കാശ്മീരിനു വേണ്ടിയും ഈ താരം കളിച്ചിട്ടുണ്ട്. ഏതായാലും ഡാനിഷിനെ കേരള ബ്ലാസ്റ്റേഴ്സ് കൈവിടുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.