ഈ ഐഎസ്എല്ലിലെ ഏക ടീം,ബ്ലാസ്റ്റേഴ്സിന് മുൻപിൽ മുട്ടുമടക്കാത്തവരായി ആരുമില്ല!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു അവിശ്വസനീയമായ വിജയമാണ് കരസ്ഥമാക്കിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ തോൽപ്പിച്ചത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അഭിമുഖീകരിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു ക്ലബ്ബ് ചെയ്തിരുന്നത്.
പക്ഷേ രണ്ടാം പകുതിയിൽ അതിൽ നിന്നും മുക്തരായി. 4 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് അസാധാരണമായ തിരിച്ചുവരവ് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ഈ വിജയം ക്ലബ്ബിന് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. എന്തെന്നാൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറകോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു ഇത്. ഇത്തരം ഒരു അവസ്ഥയിൽ നേടിയ ഈ മഹാവിജയം എല്ലാംകൊണ്ടും പ്രചോദനം നൽകുന്ന ഒന്നാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയത് എങ്കിലും ഒരു വസ്തുത ഇവിടെ മറക്കാൻ പാടില്ല. അതായത് ലീഗിലെ ടോപ്പ് ഫൈവ് ക്ലബ്ബുകളെ പരാജയപ്പെടുത്തിയ ഏക ക്ലബ്ബ്,അത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്. മറ്റാർക്കും തന്നെ ടോപ്പ് ഫൈവിലെ എല്ലാ ക്ലബ്ബുകളെയും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സിന് മുന്നിൽ മുട്ടുമടക്കാത്തവരായി ആരുമില്ല എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്.
ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോൽപ്പിച്ചിരുന്നത്. കൊച്ചിയിൽ വച്ചുകൊണ്ടായിരുന്നു ഈ വിജയം നേടിയത്.
മൂന്നാം സ്ഥാനക്കാരായ മോഹൻ ബഗാനും ബ്ലാസ്റ്റേഴ്സിനോട് പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ക്ലബ്ബിന്റെ വിജയം. അഞ്ചാം സ്ഥാനത്തുള്ള ഗോവയെ കൂടി ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി കഴിഞ്ഞു. അതായത് ഐഎസ്എല്ലിലെ ടോപ്പ് ക്ലബ്ബുകൾ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു തടസ്സമല്ല എന്ന് ഇതിൽനിന്നും വ്യക്തമാക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ നടത്തിയ ആ ഒരു മികവ് വീണ്ടെടുക്കുക എന്നതാണ് ഇനി ക്ലബ്ബ് ചെയ്യേണ്ട കാര്യം.