രണ്ടാം സ്ഥാനക്കാരൻ 25 മത്സരങ്ങൾ കളിച്ചപ്പോൾ ദിമി കളിച്ചത് 17 മത്സരങ്ങൾ മാത്രം, എന്നിട്ടും ഒന്നാമൻ ദിമി തന്നെ!
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ യാത്ര നേരത്തെ അവസാനി ച്ചിരുന്നു. ഐഎസ്എല്ലിൽ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ്യയോട് പരാജയപ്പെട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ഘട്ടത്തിൽ അത് തുടരാനായില്ല. ഇപ്പോൾ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറയുകയും ചെയ്തിട്ടുണ്ട്.
ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ ദിമി ഇല്ലാത്തത് വലിയ തിരിച്ചടിയായിരുന്നു.എന്തെന്നാൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും ബ്ലാസ്റ്റേഴ്സിന്റെ മറ്റു താരങ്ങൾക്ക് അത് ഗോളാക്കാൻ കഴിഞ്ഞിരുന്നില്ല.ദിമി ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കാനുള്ള സാധ്യതകൾ ഏറെയായിരുന്നു. പരിക്ക് കാരണമായിരുന്നു ദിമി പുറത്തിരുന്നത്. സീസണിന്റെ തുടക്കത്തിലും പരിക്കു കാരണം ദിമി പുറത്തിരുന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം ദിമി തന്നെയാണ്.20 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും ദിമി തന്നെയാണ്. 13 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.17 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ളത്.
ഒരുപാട് മത്സരങ്ങൾ കളിക്കാതിരുന്നിട്ടും ഇപ്പോഴും ദിമി തന്നെയാണ് ഒന്നാമത്. ഒഡീഷയുടെ റോയ് കൃഷ്ണ രണ്ടാം സ്ഥാനത്ത് വരുന്നു. 25 മത്സരങ്ങൾ കളിച്ചിട്ടാണ് അദ്ദേഹം 13 ഗോളുകൾ നേടിയത്. 22 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ മോഹൻ ബഗാന്റെ കമ്മിങ്സ് മൂന്നാം സ്ഥാനത്താണ് വരുന്നത്. 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ ഡിയഗോ മൗറിഷിയോ നാലാം സ്ഥാനത്തും 22 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ നൂഹ് അഞ്ചാം സ്ഥാനത്തും ആണ് വരുന്നത്. ഇനി ഐഎസ്എല്ലിൽ അവശേഷിക്കുന്നത് കമ്മിങ്സ് മാത്രമാണ്.
ഫൈനലിൽ മൂന്നോ അതിലധികമോ ഗോളുകൾ നേടിയാൽ മാത്രമാണ് കമ്മിങ്‌സിന് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ സാധിക്കുക. അതായത് ഇത്തവണത്തെ ഗോൾഡൻ ബൂട്ട് ദിമി നേടാനുള്ള സാധ്യതകൾ ഏറെയാണ്. അദ്ദേഹത്തെ കൈവിട്ടു കളഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ഖേദിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാരണം ഇത്രയും മികച്ച ഒരു സ്ട്രൈക്കറെ ഇനി ലഭിക്കാൻ സാധ്യത കുറവാണ്.