അന്ന് വിമർശിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ? ടീമിന്റെ 45 ശതമാനം ഗോളുകളും നേടിയത് ഒരേയൊരു താരം.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ അസാധാരണമായ ഒരു പ്രകടനമാണ് നടത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ക്ലബ്ബ് രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. തികച്ചും അനിവാര്യമായ ഒരു വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.വിജയം ക്ലബ്ബിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് തന്നെയാണ്. രണ്ട് ഗോളുകൾക്ക് പുറമേ ഒരു അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. താരത്തെ ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോകുന്നത്.അതിന്റെ തെളിവുകൾ ഈ സീസണിലെ ഗോളടിയുടെ കണക്കുകൾ തന്നെയാണ്.
13 മത്സരങ്ങളാണ് ഈ ഐഎസ്എല്ലിൽ അദ്ദേഹം കളിച്ചിട്ടുള്ളത്. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതായത് 13 ഗോൾ പങ്കാളിത്തങ്ങൾ. ഇതിനുപുറമേ സൂപ്പർ കപ്പിൽ അദ്ദേഹം മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അതായത് മുന്നേറ്റ നിരയിൽ ഗോളടിക്കാൻ എപ്പോഴും ക്ലബ്ബ് ആശ്രയിക്കുന്നത് ദിമി തന്നെയാണ്. ഇനി മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. 22 ഗോളുകളാണ് ഇതുവരെ ക്ലബ്ബ് നേടിയിട്ടുള്ളത്. ആകെ 7 ഗോൾ സ്കോറർമാരാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത്.ഈ 12 ഗോളുകൾ മറ്റുള്ള താരങ്ങളാണ് നേടിയത്. 10 ഗോളുകൾ നേടിയിട്ടുള്ളത് ദിമിയാണ്.
അതായത് കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയ ഗോളുകളിൽ 45 ശതമാനവും പിറന്നിട്ടുള്ളത് ദിമിയുടെ ബൂട്ടുകളിൽ നിന്നാണ്. അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് ക്ലബ്ബ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.സീസണിന്റെ തുടക്കത്തിൽ ഒന്ന് രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയപ്പോൾ ദിമിയെ വിമർശിച്ചവർ ചിലർ ഉണ്ടായിരുന്നു.ആ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ദിമി ഇപ്പോൾ നടത്തുന്നത്. എപ്പോഴും ഇന്റൻസിറ്റിയോട് കൂടി കളിക്കാൻ അദ്ദേഹത്തിന് കഴിയും എന്നതാണ് താരത്തിന്റെ പ്രത്യേകത.
അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിലും വിജയം സ്വന്തമാക്കാൻ ക്ലബ്ബിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കേരളത്തിനൊപ്പമായിരുന്നു.ആ വിജയം ക്ലബ്ബ് തുടരേണ്ടതുണ്ട്.