കോച്ച് ഉറപ്പ് നൽകിയിട്ടുണ്ട് : ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥന്റെ സന്ദേശം.
കേരള ബ്ലാസ്റ്റേഴ്സ് ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.തുടർ തോൽവികൾ ആരാധകരെ മടുപ്പിച്ചിട്ടുണ്ട്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഐഎസ്എല്ലിലെ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്.
അതിന്റെ ഫലമായി കൊണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഒരു തിരിച്ചുവരവ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.അല്ലായെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗോവയാണ്. ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പരിശീലകനും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും സോഷ്യൽ മീഡിയ വഴി ആരാധകരെ ക്ഷണിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് സപ്പോർട്ട് തേടിയിരിക്കുകയാണ് പരിശീലകനും ക്യാപ്റ്റനും. ഇതിന് പുറമേ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബിയും പിന്തുണ തേടിയിട്ടുണ്ട്. ടീം അവരുടെ ഏറ്റവും മികച്ചത് നൽകുമെന്നുള്ള കാര്യത്തിൽ കോച്ച് ഉറപ്പുനൽകിയിട്ടുണ്ടെന്നും നിലവിൽ ആരാധകരായ നമ്മൾ നമ്മുടെ ഭാഗം ചെയ്യേണ്ടതുണ്ട് എന്നുമാണ് ഈ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.ട്വിറ്ററിൽ കുറിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടും, നമ്മുടെ പിന്തുണ ഇപ്പോൾ ടീമിന് ആവശ്യമുണ്ട്, എന്നത്തേക്കാളും കൂടുതൽ പിന്തുണ ഇപ്പോഴാണ് ആവശ്യമുള്ളത്. ഈസ്റ്റ് ഗാലറിയിൽ നിന്നുള്ള ചാന്റിങ്ങും പിന്തുണയും തുടരുക.നമ്മുടെ ഭാഗം നമുക്ക് ഒരുമിച്ച് ചെയ്യാം. ടീം അവരുടെ ഭാഗം ചെയ്യുമെന്ന് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്, ഇതാണ് നിഖിൽ കുറിച്ചിട്ടുള്ളത്.
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട താരങ്ങളുടെ പരിക്ക് വലിയ ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സച്ചിൻ സുരേഷും ലെസ്ക്കോവിച്ചും അടുത്ത മത്സരത്തിന് ഉണ്ടാവില്ല. എന്നാൽ സ്ട്രൈക്കർ ദിമി തിരിച്ചെത്തും എന്നുള്ളത് ഒരല്പം ആശ്വാസം നൽകുന്ന കാര്യമാണ്.